നാല് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറി ബിജെപി

നാല് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കാലിടറി ബിജെപി. എല്ലായിടത്തും പരാജയം ഏറ്റുവാങ്ങി കേന്ദ്രം ഭരിക്കുന്ന പാർട്ടി. അതേസമയം, ബംഗാളിലെ ബാളിഗഞ്ച് മണ്ഡലത്തിൽ രണ്ടാം സ്ഥാനവും 30 ശതമാനം വോട്ടും നേടി വൻ തിരിച്ച് വരവ് നടത്തുകയാണ് സിപിഐഎം.

ബംഗാൾ, ഛത്തീസ്ഗഡ്, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളിൽ വൻ പരാജയമാണ് കേന്ദ്ര ഭരണ കക്ഷി ഏറ്റുവാങ്ങിയത്. അസൻസോൾ ലോക്സഭാ മണ്ഡലത്തിലെയും നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ വിധിയെഴുത്തായി മാറി. അഞ്ചിടങ്ങളിലും ബിജെപി വിരുദ്ധ പാർട്ടികൾ വിജയം പിടിച്ചെടുത്തു.

ബംഗാളിലെ ബാളിഗഞ്ച് നിയമസഭാ മണ്ഡലം തൃണമൂലിൻ്റെ ബാബുൽ സുപ്രിയോ പിടിച്ചപ്പോൾ, രണ്ടാം സ്ഥാനം നേടിക്കൊണ്ട് സിപിഐഎം വൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. സിപിഐഎം സ്ഥാനാർത്ഥി സൈറ ഷാ ഹലിം മുപ്പത് ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്.

ബുദ്ധദേവിൻ്റെ വാർഡിൽ സിപിഐഎം നേടിയത് 1200 വോട്ടിൻ്റെ ഭൂരിപക്ഷം. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും സിപിഐഎമ്മിനായി. വരുംതെരഞ്ഞെടുപ്പുകളിലും മികച്ച പ്രവർത്തനം നടത്തി ബംഗാളിൽ പഴയ പ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം.

അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ നടൻ ശത്രുഘ്നൻ സിൻഹയിലൂടെ തൃണമൂൽ ബിജെപി സീറ്റ് പിടിച്ചെടുത്തു. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് തൃണമൂൽ വിജയം.

ബിഹാറിലെ ബോച്ചഹനിൽ മഹാഗഡ്ബന്ധൻ സഖ്യത്തിനായി ആർജെഡി സ്ഥാനാർത്ഥി അമർ പാസ്വാൻ 36,653 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൻഡിഎ ഘടകകക്ഷിയായ വികാസ് ഷീൽ ഇൻസാൻ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത് ബിജെപിക്ക് തിരിച്ചടിയായി.

വികാസ് ശീൽ പാർട്ടി നേതാവ് മുസാഫിർ പാസ്വാൻ്റെ മരണത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് മകൻ്റെ വിജയത്തേരോട്ടം. സ്വന്തം പാർട്ടിയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആർജെഡിയിൽ ചേക്കേറുകയായിരുന്നു അമർ പാസ്വാൻ.

ഛത്തീസ്ഗഡിലെ ഖൈറാഗഞ്ചിലും മഹാരാഷ്ട്രയിലെ കോലാപ്പൂർ നോർത്തിലും കോൺഗ്രസ് സ്ഥാനാർഥികളാണ് വിജയിച്ചുകയറിയത്. കോലാപ്പൂരിൽ യാദവ് ജയശ്രീ ചന്ദ്രകാന്ത് 19,307 വോട്ടിന് ബിജെപിയെ പരാജയപ്പെടുത്തി. ഖൈറാഗഞ്ചിൽ യശോദ നിലമ്പർ വർമ 20,176 വോട്ടുകളുടെ ഭൂരിപക്ഷം നേടി ബിജെപിയുടെ പരാജയം സമ്പൂർണമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News