
വൈദ്യുതി മേഖലയെ സ്വകാര്യ മേഖലയ്‌ക്ക് തീറെഴുതാനുള്ള വൈദ്യുതി നിയമഭേദഗതി ബിൽ എപ്പോൾ വേണമെങ്കിലും കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയെടുത്തേക്കുമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.
വൈദ്യുതി ജീവനക്കാരുടെ തലയ്‌ക്കുമേൽ തൂങ്ങിയാടുന്ന വാളാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ഇബി റഫറണ്ടത്തോടനുബന്ധിച്ച് കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ(സിഐടിയു) നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക സമരത്തിന്റെ ഭാഗമായി സമരസമിതിയും ഇടതുപക്ഷവും ചെലുത്തിയ സമ്മർദ്ദം മൂലമാണ് ബിൽ കഴിഞ്ഞ സമ്മേളനത്തിൽ പാർലമെന്റിൽ വരാതിരുന്നത്. എന്നാൽ, സർക്കാർ ഇതിൽനിന്ന് പിന്നോട്ട് പോയെന്ന് പറയാനാകില്ല. ബിൽ പാസാക്കിയെടുത്താൽ മറ്റ് പല സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വൈദ്യുതി മേഖലയിലുമുണ്ടായേക്കും.
ത്യാഗപൂർണമായി ജോലിയെടുക്കുന്നവരാണ് കെഎസ്‌ഇബി ജീവനക്കാർ. എന്നാൽ, തൊഴിലാളികളുടെ പ്രയത്നം കാണാൻ പലർക്കും കഴിയുന്നില്ല. കെഎസ്‌ഇബിയിലുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. പരിഹാരം കാണാൻ ഇടപെടുമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന ഉറപ്പ്. തർക്കങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ട് പോകും.
കെഎസ്‌ഇബിക്കെതിരെ സിഐടിയു സമരം നടത്തുന്നു എന്നാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ചില മാധ്യമങ്ങൾ സിഐടിയു വിരോധ നിലപാടാണ് സ്വീകരിക്കുന്നത്. മാധ്യമങ്ങൾ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം പി സജീവ്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ് ഹരിലാൽ, എസ് ലാലു, കെ എസ് സനൽകുമാർ, കെ എസ് ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.സംസ്ഥാന ട്രഷറർ എ എച്ച് സജു സ്വാഗതവും ജോ. സെക്രട്ടറി സി അജിത നന്ദിയും പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here