ചലഞ്ച് ഏറ്റെടുക്കാന്‍ നിങ്ങളും തയ്യാറാണോ ? മിയോവാകി “ജനവനം” പച്ചത്തുരുത്തൊരുക്കി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പ്രകൃതി സംരക്ഷണത്തിനും കാർബൺ ന്യൂട്രൽ കേരളത്തിനുമായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ ജാഗ്രതയും പദ്ധതികളും അടുത്തറിയാൻ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ഔദ്യോഗിക വസതിയിൽ എത്തിയാൽ മതി. എല്ലാ തദ്ദേശഭരണ പ്രദേശങ്ങളിലും മിയോവാകി ‘ജനവനം’ പച്ചത്തുരുത്തുകൾ നിർമിക്കാനുള്ള തീരുമാനം സ്വന്തം ഔദ്യോഗിക വസതിയായ ‘നെസ്‌റ്റി’ലെ മൂന്നര സെന്റിൽ പരീക്ഷിച്ച് മാതൃക തീര്‍ത്തിരിക്കുകയാണ് മന്ത്രി.

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ തദ്ദേശ സ്വയംഭരണവകുപ്പ് ഇറക്കിയ ഉത്തരവിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തും മിയോവാക്കി മാതൃകയിൽ ജനവനം പച്ചതുരുത്തുകൾ നിർമിക്കണമെന്ന് പറഞ്ഞിരുന്നു.

ചില തദ്ദേശ സ്ഥാപനങ്ങൾ അത് നടപ്പിലാക്കിയെങ്കിലും മിക്കവാറും പേർ വനമുണ്ടാക്കാനൊന്നും മിനക്കെട്ടില്ല. 2021 ഏപ്രിലിൽ ജനവനം പച്ചതുരുത്തുണ്ടാക്കാൻ പത്രക്കുറിപ്പിറക്കിയ മന്ത്രി വെറുതെയിരുന്നില്ല. തന്റെ ഔദ്യോഗിക വസതിയായ നെസ്റ്റിന്റെ പിറകിൽ വെറുതെ കിടക്കുന്ന മൂന്നര സെന്റ് സ്ഥലത്ത് മിയോവാകി മാതൃകയിൽ വനം നിർമിക്കാൻ തുടങ്ങി.

മിയോവാകി ജനവനം മൂന്ന്, നാല് മാസം വളർന്നപ്പോഴാണ് തന്റെ വനത്തിലെ വളരുന്ന വൃക്ഷത്തിനിടയിൽ നിന്നുകൊണ്ട് ഗോവിന്ദൻ മാസ്റ്റർ ഈ ചലഞ്ച് ഏറ്റെടുക്കാൻ ആരൊക്കെ മുന്നോട്ടുവരുമെന്ന് ചോദിക്കുന്നത്.

തിരക്കിനിടയിലും സ്വന്തം ഔദ്യോഗിക വസതിയുടെ പുരയിടത്തിൽ മന്ത്രിക്ക് വനമുണ്ടാക്കാമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വനമുണ്ടാക്കാൻ ബുദ്ധിമുട്ടൊന്നുമില്ലെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്.

ഈ ചലഞ്ച് ഏറ്റെടുത്ത് ജനവനം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഗോവിന്ദൻ മാസ്റ്റർ ചലഞ്ച് തുടരാനാണ് സാധ്യതയെന്ന് മനസിലാക്കി അതാത് പ്രദേശങ്ങളിൽ ജനവനമുണ്ടാക്കാനുള്ള നടപടിക്രമങ്ങളിലേക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോകുന്നത്.

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും മിയോവാകി മാതൃകയിൽ ”ജനവനം” പച്ചതുരുത്തുകൾ നിർമിക്കുവാൻ തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ നിർമിത ഹരിതവനങ്ങൾ രൂപപ്പെടുത്തിയ പ്രമുഖ സസ്യശാസ്ത്രജ്ഞൻ പ്രൊഫ. അകിരാ മിയോവാകി നിര്യാതനായ വേളകൂടിയായിരുന്നു അത്. മിയോവാകി നടത്തിയ പാരിസ്ഥിതിക ഇടപെടലിന്റെ മാതൃകകൾ കേരളത്തിലും സൃഷ്ടിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. തീർത്തും ശാസ്ത്രീയമായി ജനവനങ്ങൾ നിർമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈക്കൊള്ളണമെന്ന് അന്ന് നിർദേശിക്കുകയും ചെയ്തു.

രണ്ടോ, മൂന്നോ സെന്റ് ഭൂമിയിൽ വരെ മിയോവാകി വനം സൃഷ്ടിക്കാമെന്നാണ് പറയാറുള്ളത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ അത്തരമൊരു മാതൃക ആ സമയത്ത് ഞാൻ പോയി കാണുകയും ചെയ്തു. മന്ത്രിമന്ദിരമായ നെസ്റ്റിന്റെ പിറകിൽ കാടുംപടലും പിടിച്ച്, കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ട്, വൃത്തികെട്ട നിലയിൽ കിടക്കുന്ന സ്ഥലത്ത് ഒരു പച്ചതുരുത്ത് ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുന്നത് അപ്പോഴാണ്. അടുത്ത ദിവസം വനം മന്ത്രി ശ്രീ. എ കെ ശശീന്ദ്രനെ കണ്ടപ്പോൾ ഈ കാര്യം പങ്കുവെച്ചു. അപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് വേണ്ടത് ചെയ്യാൻ വനംമന്ത്രി നിർദേശിച്ചു. ഔദ്യോഗിക വസതിയുടെ പിറകിലുള്ള പുരയിടം വൃത്തിയാക്കുന്ന ജോലി ഏറെ ക്ലേശകരമായിരുന്നു. നാലഞ്ച് ലോഡ് കെട്ടിടാവശിഷ്ടങ്ങളാണ് അവിടെ നിന്നും മാറ്റിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൊഴിലുറപ്പ് തൊഴിലാളികൾ അതിനായി ഒരുപാട് അധ്വാനിച്ചു. അപ്പോഴാണ് കോർപ്പറേഷനിലെ കൃഷി ഓഫീസർ കുറച്ച് സ്ഥലത്ത് തങ്ങൾ ജൈവ പച്ചക്കറി കൃഷി നടത്താൻ സഹായിക്കാമെന്ന് പറഞ്ഞത്. എന്തായാലും ജനവനത്തിനും പച്ചക്കറി കൃഷിക്കുമായി ഔദ്യോഗിക വസതിയുടെ പിറകിലുള്ള പുരയിടം ഏറെ പണിപ്പെട്ട് ഒരുക്കിയെടുത്തു.

വൈകാതെ തിരുവനന്തപുരം സോഷ്യൽ ഫോറസ്റ്റ് റേഞ്ചിലെ റേഞ്ച് ഓഫീസർ ശ്രീ. അരവിന്ദ് ബാലകൃഷ്ണൻ, ഫോറസ്റ്റർമാരായ ശ്രീ. വീരേന്ദ്രകുമാർ, ശ്രീ. സുരേഷ് ബാബു, ശ്രീ. രാജേഷ് എന്നിവർ നെസ്റ്റിലേക്കെത്തി. മിയോവാകി വനമൊരുക്കാൻ വനംവകുപ്പ് കരാർ നൽകിയ ശ്രീ. രാജനും അവരോടൊപ്പമുണ്ടായിരുന്നു. തുടർന്ന് മണ്ണൊരുക്കലായി. കേരള വനം വന്യജീവി വകുപ്പിന്റെ നഗരവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ മിയോവാകി വനം ഉണ്ടാക്കാൻ തുടങ്ങിയത്. മൂന്നര സെന്റ് സ്ഥലത്ത് മുന്നൂറ് വൃക്ഷങ്ങൾ. അശോകം, പ്ലാവ്, മാവ്, വെള്ളപൈൻ, വയണ, പൂവരക്, നാരകം, ശീമനെല്ലി, ഈട്ടി, പനീർചാമ്പ, മന്ദാരം, കുടമ്പുളി, നെല്ലി തുടങ്ങി നാൽപ്പത്തിയഞ്ചിനം വൃക്ഷങ്ങളുടെ നിരവധി തൈകൾ അവിടേക്കെത്തി. തീർത്തും ശാസ്ത്രീയമായി അവർ വനമൊരുക്കി. ജലസേചനത്തിനുള്ള സൗകര്യവും ഉണ്ടാക്കി. ഇപ്പോൾ നാലഞ്ച് മാസം കഴിഞ്ഞു. ജനവനം നല്ല രീതിയിൽ വളരുന്നുണ്ട്.

കുറച്ച് ദിവസം മുമ്പ് കാർബ്ബൺ ന്യൂട്രൽ കേരളയുടെ നിർവ്വഹണ മാർഗേഖ തയ്യാറാക്കാനുള്ള ശിൽപ്പശാലയുടെ ഭാഗമായി നവകേരളം മിഷന്റെ കോർഡിനേറ്റർ ശ്രീമതി. ടി എൻ സീമയുമായി സംസാരിച്ചപ്പോൾ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിൽ പച്ചതുരുത്തുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു. ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. അഭിനന്ദനാർഹമായ ആ നേട്ടം കൂടുതൽ വിപുലപ്പെടുത്തുന്നതിനൊപ്പം ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായുള്ള ജനവനം പച്ചതുരുത്തുകളും നമുക്ക് സൃഷ്ടിക്കാം. എത്രമേൽ വനങ്ങൾ സൃഷ്ടിക്കുന്നുവോ, അത്രമേൽ ഗുണമാണല്ലൊ ഈ ഭൂമിക്കും വരുംതലമുറയ്ക്കും ഉണ്ടാവുക.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായി ജനവനം പച്ചതുരുത്തുകൾ ഒരുക്കണമെന്ന തീരുമാനം ആരൊക്കെ നടപ്പിലാക്കിയെന്ന സോഷ്യൽമീഡിയ ഓഡിറ്റിംഗ് ഈ വേളയിൽ നമുക്ക് നടത്തിയാലോ? ഇവിടെ കമന്റായി ആരൊക്കെ, എവിടെയൊക്കെ നടപ്പിലാക്കി എന്ന് പറയൂ. നടപ്പിലാക്കാത്തവർ ഇതൊരു ചലഞ്ചായി ഏറ്റെടുത്ത് സമയബന്ധിതമായി നടപ്പിലാക്കാൻ ശ്രമിക്കൂ. വിചാരിച്ചാൽ നടപ്പിലാകും എന്നുള്ളതിന്റെ ഉദാഹരണമായി ഔദ്യോഗിക വസതിയായ നെസ്റ്റിൽ ഉണ്ടാക്കിയെടുത്ത ഈ ജനവനം എനിക്ക് ചൂണ്ടിക്കാണിക്കാനാവും.

ചലഞ്ച് ഏറ്റെടുക്കാൻ ആരൊക്കെ മുന്നോട്ടുവരും?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News