പത്തു വര്‍ഷം മുമ്പ് കര്‍ണാടകയിലെ ഒരു സാധാരണ ബസ് ഡ്രൈവറുടെ മകന്‍ നവീന്‍കുമാര്‍ താന്‍ ഭാവിയിലെ വലിയ സൂപ്പര്‍സ്റ്റാറാകുമെന്ന് പറഞ്ഞപ്പോള്‍ അന്ന് പലരും കളിയാക്കിച്ചിരിച്ചിരുന്നു. എന്നാല്‍ ആ വ്യക്തി ഇന്ന് ഉയരങ്ങള്‍ കീഴടക്കി കുതിക്കുന്നതു കണ്ട് അതേ ആളുകള്‍ ഇന്ന് കൈയടിച്ചു ആര്‍ത്തുല്ലസിക്കുകയാണ്. സിനിമാഭിനയത്തില്‍ ഒരു പതിറ്റാണ്ടു പൂര്‍ത്തീകരിച്ചപ്പോള്‍ പഴയ നവീന്‍കുമാര്‍ ഗൗഡ ഇന്ന് കന്നഡയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ്.
കന്നഡയിലെ സില്‍വര്‍സ്‌ക്രീനിലെ ഇന്നത്തെ മിന്നും താരമാകുന്നതു വരെയുള്ള യഷിന്റെ ജീവിത യാത്ര കഷ്ടപാടുകള്‍ നിറഞ്ഞതായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടു തന്നെയാണ് യഷ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ നാടകത്തില്‍ ചേര്‍ന്നത്. മാതാപിതാക്കള്‍ക്ക് യഷിന്റെ തീരുമാനത്തില്‍ ആശങ്കയുണ്ടായിരുന്നു എന്നാല്‍ യഷ് തന്റെ സ്വപ്നങ്ങളില്‍ നിന്ന് അണുവിടപോലും പിന്‍മാറിയില്ല. നാടകവേദികളില്‍ നിന്നും പതിയെ മിനി സ്‌ക്രീനിലേക്ക് ചേക്കേറി. സീരിയലില്‍ നിന്ന് 500 രൂപയായിരുന്നു യഷിന് തുടക്കത്തില്‍ ലഭിച്ചത്.
കഥാപാത്രങ്ങള്‍ക്ക് ലഭിച്ച ചെറിയ പ്രതിഫലം കൊണ്ടാണ് യഷ് കഴിഞ്ഞിരുന്നത്. അപ്പോഴും സിനിമ തന്നെയായിരുന്നു ഏറ്റവും വലിയ സ്വപ്നം. ഈ വഴിയിലെല്ലാം അവഗണനയും നിരാശയും അറിഞ്ഞുവെങ്കിലും പടിപടിയായി മുന്നേറാന്‍ യഷിന് സാധിച്ചു. 2007ല്‍ ജമ്പട ഹുഡുഗി എന്ന ഫീച്ചര്‍ സിനിമയില്‍ സഹനടനായി മുഖം കാണിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘മോഗിന മനസു’വിലൂടെയാണ് യഷ് നായകനായി ജനമനസുകള്‍ കീഴടക്കിയത്. ആ ചിത്രത്തിലെ നായിക രാധിക പണ്ഡിറ്റ് പിന്നെ യഷിന്റെ ജീവിതസഖിയുമായി.
പ്രശാന്ത് നീലിന്റെ കെജിഎഫ് ആദ്യഭാഗമാണ് യഷിനെ ഇന്ത്യയിലെ മുന്‍നിരതാരപദവിയിലെത്തിച്ചത്. കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, ഭാഷകളിലായി രാജ്യത്താകെ 1500 തീയേറ്ററുകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ആയത്. 1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് 2018 ല്‍ റിലീസ് ചെയ്ത കെജി.എഫ് ഇന്ത്യയൊട്ടാകെ തരംഗമായി. അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ചിത്രത്തിന്റെ വിജയം. 80 കോടി ബജറ്റില്‍ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റര്‍ 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കെജിഎഫ് ചാപ്റ്റര്‍ 2 ലൂടെ വിജയചരിത്രമാവര്‍ത്തിച്ചിരിക്കുകയാണ് യഷ്. പ്രശാന്ത് നീല്‍ എന്ന കഴിവുറ്റ ക്രാഫ്റ്റ്മാന്റെ ഉജ്വല സൃഷ്ടി എന്ന നിലയിലും കെജിഎഫ് ആഘോഷിക്കപ്പെടുകയാണ്. ആക്ഷന്‍ സീക്വന്‍സുകളും സംഭാഷണങ്ങളും ഡ്രാമ ക്രിയേഷനും കൊണ്ട് പ്രേക്ഷകരുടെ പ്രീതി ആവോളം നേടിയെടുത്ത ഒരു സിനിമയ്ക്ക് അതേ നിലവാരത്തിലും ചടുലതയിലും തുടര്‍ഭാഗം ഒരുക്കുകയെന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല.
പ്രേക്ഷകപ്രതീക്ഷയെ സാധൂകരിക്കുക എന്നതു തന്നെയാണ് വലിയ വെല്ലുവിളി. സിനിമാപ്രേമികളുടെ ഈ പ്രതീക്ഷയെയാണ് പ്രശാന്ത് നീലും സംഘവും പരിപൂര്‍ണമായി തൃപ്തിപ്പെടുത്തുന്നത്. കന്നടയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ആദ്യ ദിന ഗ്രോസ് 134.5 കോടിയാണ്. ഇതില്‍ 64 കോടി ഹിന്ദിയില്‍ നിന്നാണെന്നത് ബോളിവുഡ് അടക്കമുള്ള ഇന്‍ഡസ്ട്രികളില്‍ കെജിഎഫ് ഉണ്ടാക്കിയ സ്വാധീനത്തെ കാണിക്കുന്നു. കേരളത്തില്‍നിന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടാനും കെജിഎഫിനായി, 8 കോടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.