കള്ളനോട്ട് കേസിൽ 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കള്ളനോട്ട് കേസിൽ 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയെ വീണ്ടും കൊല്ലം ജില്ലയിലെ ആയൂരിൽ നിന്ന് കള്ളനോട്ടുമായി പിടികൂടി. പത്തനാപുരം ആനക്കുഴി സ്വദേശിയായ അബ്ദുൽ റഷീദ് ആണ് ചടയമംഗലം പൊലീസിൻ്റെ പിടിയിലായത്.  കള്ളനോട്ട് മാറാൻ ശ്രമിക്കവെയാണ് ഇയാൾ അറസ്റ്റിലായത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആയൂരിലുള്ള കടയിൽ കള്ളനോട്ട് മാറാൻ അബ്ദുൽ റഷീദ് എത്തിയത്. കട മുതലാളിക്ക് സംശയം തോന്നിയതോടെ ചടയമംഗലം പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ ചടയമംഗലം സിഐ ബിജു, എസ് ഐ മോനിഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിൽ പൊലീസ് സംഘം എത്തിയപ്പോഴേക്കും ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.

ചടയമംഗലത്ത് വെച്ച് വാഹനം പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് അമിതവേഗതയിൽ കടന്നു. ഇയാളുടെ വാഹനത്തെ പിന്തുടർന്ന പൊലീസ് മുരുക്കുമണിൽ വച്ച് പിടികൂടി. ഇയാളുടെ കാറിൽനിന്ന് 500 രൂപയുടെ 11 കള്ളനോട്ടുകൾ പിടികൂടി. കള്ളനോട്ട് മാറി കിട്ടിയ 40,800 രൂപയും കണ്ടെത്തി.

യഥാർത്ഥ നോട്ടിനെ വെല്ലുന്ന തരത്തിലുള്ള നോട്ടാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത് എന്ന് പൊലീസ് അറിയിച്ചു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിൽ പത്തുവർഷത്തേക്ക് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ ശിക്ഷ അനുഭവിച്ചു വരികെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു പ്രതി.

വീട്ടു സാധനങ്ങൾ വാങ്ങി കള്ളനോട്ട് മാറുന്ന രീതിയാണ് ഇയാൾ പ്രയോഗിക്കുന്നത്. ഇയാൾ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വെമ്പായത്തെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.  ഇയാൾക്കെതിരെ കൊല്ലം, ചെങ്ങന്നൂർ, തൃപ്പൂണിത്തുറ, മഞ്ചേരി , പൊള്ളാച്ചി എന്നീ പൊലീസ് സ്റ്റേഷനുകളിൽ കള്ളനോട്ട് കേസ് നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here