ജനങ്ങള്‍ എന്ത് കഴിക്കണമെന്നും കഴിക്കരുതെന്നും പറയുന്നത് സര്‍ക്കാരുകളുടെ പണിയല്ല: കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി

രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണമെന്നും കഴിക്കരുതെന്നും പറയുന്നത് സര്‍ക്കാരുകളുടെ പണിയല്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി. എല്ലാ ഇന്ത്യക്കാര്‍ക്കും അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാജ്യത്തിന്റെ സമാധാനത്തില്‍ സഹിക്കാന്‍ കഴിയാത്ത ഗൂഢശക്തികളാണ് അക്രമം അഴിച്ചുവിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓരോ ഇന്ത്യക്കാര്‍ക്കും അവരവരുടെ ജീവിതവും വിശ്വാസവും വിലക്കുകളില്ലാതെ തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്നാണ് ദ ഇക്കണോമിക് ടൈംസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രതികരണം. രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ അസഹിഷ്ണുത ഇല്ലെന്നും അദ്ദേഹം പറഞ്ഞുറപ്പിക്കുന്നു.

സമാധാനം പുലരുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാമനവമി സമയത്ത് അരങ്ങേറിയ വര്‍ഗീയ അക്രമ സംഭവങ്ങളെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പത്രക്കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മറുപടി എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യക്കാരന്റെ ഭക്ഷണത്തിന് വിലക്കുകള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ജോലിയല്ലെന്നും ആര്‍ക്കും സ്വന്തം താല്‍പര്യം അനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കാന്‍ കഴിയുമെന്നും നഖ്വി പറഞ്ഞു. JNU ഹോസ്റ്റലിലെ എബിവിപി ആക്രമണവും ഹലാല്‍ വിവാദവും ചൂണ്ടിക്കാട്ടി നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് നിരോധനമുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ഹിജാബ് ധരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അത് ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സ്‌കൂളുകളില്‍ ഏത് ഡ്രസ്‌കോഡ് വേണം എന്നത് തീരുമാനിക്കുന്നത് അതത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആണെന്നാണ് മന്ത്രിയുടെ വാദം. പള്ളികളിലെ ഉച്ചഭാഷിണി നിരോധനത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News