ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘത്തിലെ നൈജീരിയന്‍ പൗരന്‍ ആലപ്പുഴയില്‍ പിടിയില്‍

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയില്‍നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ എനുക അരിന്‍സി ഇഫെന്ന (34) ആലപ്പുഴയില്‍ പിടിയില്‍. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍നിന്നാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി ഡേറ്റിങ്ങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്.

ഇയാള്‍ അമേരിക്കയില്‍ പൈലറ്റാണെന്നും ഇന്ത്യക്കാരിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വാട്‌സാപ്പിലൂടെ നിരന്തരം ചാറ്റ്‌ചെയ്ത് സൗഹൃദം സ്ഥാപിച്ചു. ഒടുവില്‍ താന്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന യുഎസ് ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഇന്ത്യന്‍ രൂപ ആവശ്യമുണ്ടെന്നും ബോധ്യപ്പെടുത്തി പലപ്രാവിശ്യമായി 10 ലക്ഷം രൂപയോളം യുവതിയില്‍നിന്ന് തട്ടിയെടുത്തു. വീണ്ടും ചില ആവശ്യങ്ങള്‍ക്ക് 11 ലക്ഷം ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുക്കാനെത്തിയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് ‘ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് സൈബര്‍ സിഐ എം കെ രാജേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഇയാളുമായുള്ള ചാറ്റ് നിലനിര്‍ത്തിയായിരുന്നു അന്വേഷണം. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് നോയിഡയിലാണെന്ന് മനസിലാവുന്നത്. തുടര്‍ന്ന് അന്വേഷണസംഘം നോയിഡയില്‍ താമസിച്ചാണ് പ്രതിയിലേക്കെത്തിയത്. പൊലീസിന്റെ സാന്നിദ്ധ്യം മനസിലാക്കിയ പ്രതി താമസിച്ചിരുന്ന ഫ്‌ലാറ്റില്‍നിന്ന് പുറത്തുചാടി നോയിഡയിലെ എട്ടുവരി പാതയിലൂടെ കിലോമീറ്ററുകള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടിയിലായ പ്രതിയ ചോദ്യം ചെയ്തതില്‍നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്ത് വന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News