നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയെ അറിയിക്കും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി, ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയെ അറിയിക്കും. കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം റിപ്പോര്‍ട്ടില്‍ വിശദീകരിക്കും.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെടും. ഇതിനിടെ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.അതേ സമയം സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാരംഭിച്ച തുടരന്വേഷണം മാര്‍ച്ച് 1നകം പൂര്‍ത്തിയാക്കാനായിരുന്നു വിചാരണക്കോടതി ആദ്യം നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം ഏപ്രില്‍ 18 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. പക്ഷേ കേസുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ദിലീപിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതടക്കം ഇനി പൂര്‍ത്തീകരിക്കാനുള്ള നടപടികളെക്കുറിച്ചും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചും സമാഹരിച്ച തെളിവുകള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.

തുടരന്വേഷണത്തിന്‍റെ ഭാഗമായി ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ച് മഞ്ജു വാര്യര്‍ ഉള്‍പ്പടെ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിക്കും.അതേ സമയം എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ദിലീപ് തെളിവ് നശിപ്പിച്ചുവെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അതേ സമയം ക്രൈംബ്രാഞ്ച് അപേക്ഷ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണിലേക്കെത്തിയെന്ന ആരോപണത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോടതി ക്രൈംബ്രാഞ്ച് എ ഡി ജി പിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ ഡി വൈ എസ് പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ചോദ്യം ചെയ്യും.

അഭിഭാഷകർ ആവശ്യപ്പെട്ടതനുസരിച്ച് ദിലീപിൻ്റെ ഫോണിലെ ചാറ്റുകൾ ഉൾപ്പടെയുള്ള തെളിവുകൾ താൻ മായ്ച്ചു കളഞ്ഞതായി സായ് ശങ്കർ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here