ഇന്ന്‌ ലോക പൈതൃക ദിനം ; “കരുതലോടെ കാത്തുസൂക്ഷിക്കാം നമ്മുടെ പൈതൃകങ്ങള്‍ “

നമ്മുടെ പൂർവ്വികർ കാത്തുവച്ചു പോയ മഹത്തായ കാര്യങ്ങളാണ് പൈതൃകങ്ങൾ. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ.അവ സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആയിരിക്കാം.കടന്നു കയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ ഇവയെ കാത്തു സൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ്. ഇത് ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക പൈതൃകദിനം.

എല്ലാ വർഷവും ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിച്ചുവരികയാണ്. 1964-ലെ വെനീസ് ചാർട്ടറിലൂടെയാണ് പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇക്കോമോസ് എന്ന സംഘടന രൂപവത്‌കൃതമായതും ഇതിന്റെ തുടർച്ചയായിട്ടാണ്. ഓരോ വർഷവും കാലിക പ്രധാന്യമുള്ളതും അടിയന്തര ഇടപെടൽ ആവശ്യമുള്ളതുമായ വിഷയങ്ങളിലൂന്നിയാണ് പൈതൃക ദിനാചരണം സംഘടിപ്പിച്ചുവരുന്നത്.

ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് എന്നും ഈ ദിനം അറിയപ്പെടുന്നു. ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിൽ യുണെസ്കോ തീരുമാനിച്ചു. അന്നേദിവസം, സ്മാരകങ്ങളും സാംസ്കാരിക പൈതൃക പദവിയുള്ള ഇടങ്ങളും സന്ദർശിക്കുന്നത് ഉൾപ്പെടെ വ്യത്യസ്ത തരം പ്രവർത്തനങ്ങൾ നടക്കുന്നു.

സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമായുള്ള അന്താരാഷ്ട്ര ദിനം 1982 ഏപ്രിൽ 18 ന് ഇന്റർനാഷണൽ കൗൺസിൽ ഓൺ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ്  നിർദ്ദേശിക്കുകയും 1983 ൽ യുനെസ്കോയുടെ പൊതുസമ്മേളനം അംഗീകരിക്കുകയും ചെയ്തു.

കടന്നുകയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ സാംസ്കാരിക പൈതൃങ്ങളെ കാത്തുസൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ് എന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

‘സങ്കീർണമായ ഭൂതകാലം -വൈവിധ്യമാർന്ന ഭാവികാലം’, ‘പങ്കിടുന്ന സംസ്കാരം പങ്കിടുന്ന പൈതൃകം പങ്കിടുന്ന ഉത്തരവാദിത്വം’, ‘ഗ്രാമീണ ഭൂപ്രകൃതി’, ‘പൈതൃകം വരും തലമുറയ്ക്കുവേണ്ടി’ തുടങ്ങിയ പ്രമേയങ്ങളിലൂന്നിയായിരുന്നു മുൻവർഷങ്ങളിലെ പൈതൃക ദിനാചരണം. “പൈതൃകവും കാലാവസ്ഥയും” എന്നതാണ് ഈ വർഷത്തെ പൈതൃക ദിന പ്രമേയം. കാലാവസ്ഥയും പൈതൃകവും തമ്മിലെന്താണ് ബന്ധമെന്ന് ചിന്തിക്കുന്നവരുണ്ടാവും.

മൂർത്ത പൈതൃകങ്ങളായ കെട്ടിടങ്ങളും കോട്ടകളും മറ്റ് നിർമിതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കൊടുങ്കാറ്റ് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കൊണ്ടും നാമാവശേഷമായ ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. 2008-ൽ ലോക പൈതൃക കമ്മിറ്റി 25 രാജ്യങ്ങളിലെ 29 ലോകപൈതൃകങ്ങൾ അപകടാവസ്ഥയിലാണെന്ന് രേഖപ്പെടുത്തുകയുണ്ടായി.

ഒരു വർഷത്തിനുശേഷം അതായത് 2009-ൽ ഇതിൽ 17 പൈതൃകങ്ങൾ കൂടി ഉൾപ്പെടുത്തി. ഇക്കൂട്ടത്തിൽ തണ്ണീർത്തടങ്ങളും ജലാശയങ്ങളും അതിലധിവസിക്കുന്ന ­ജീവജാലങ്ങളും ഉൾപ്പെടുന്നു. ദിനംപ്രതിയെന്നോണം നഷ്ടപ്പെടുന്ന പൈതൃക മരങ്ങൾ, ജൈവ വൈവിധ്യകലവറകൾ, പുൽമേടുകൾ, പരിസ്ഥിതിലോല പ്രദേശങ്ങൾ, കണ്ടൽ വനങ്ങൾ എന്നിവയുടെ നാശം ഇന്നത്തെ തലമുറയെ മാത്രമല്ല വരും തലമുറകളെക്കൂടി ബാധിക്കുന്നതാണ്.

17 ശതമാനം വനങ്ങൾ കഴിഞ്ഞ അമ്പതുവർഷത്തിനിടയിൽ നശിപ്പിക്കപ്പെട്ടതായി കണക്കാക്കുന്നു. വരാനിരിക്കുന്ന എട്ട് വർഷം കൊണ്ട്‌ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി മൂല്യമുള്ള പതിനൊന്ന് വനങ്ങൾ കൂടി ഇല്ലാതാവുമെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് റിപ്പോർട്ട് ചെയ്യുന്നു.

2010-നും 2021-നും ഇടയിലുണ്ടായ വനനാശം 420 ദശലക്ഷം ഹെക്ടറായിരിക്കുമെന്നത് ആസന്നമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ്.വനനശീകരണവും പുത്തൻ വികസന സങ്കല്പങ്ങളും ഹരിതഗൃഹ വാതക ബഹിർഗമനത്തെ വർധിപ്പിക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു. പൈതൃക സമ്പത്ത്‌ മായാനിടയാക്കുന്നു.

പൈതൃകം എന്നാൽ മുൻ തലമുറ നമുക്കായി ബാക്കിവെച്ചത് മാത്രമല്ല, അത് വരും തലമുറയ്ക്ക്‌ കൈമാറേണ്ട ഉത്തരവാദിത്വം കൂടി നമ്മുടേതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News