ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും തിരിച്ചടി ; ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ലഖിംപൂര്‍ കർഷക കൂട്ടക്കൊലക്കേസിൽ പ്രതി ആശിഷ് മിശ്രയ്ക്കും യുപി സർക്കാരിനും വൻ തിരിച്ചടി.അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ്.

ഒരാഴ്ചക്കുള്ളിൽ ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ കുടുംബങ്ങൾ നൽകിയ ഹർജിയിൽ കക്ഷി ചേരാത്തതിന് യുപി സർക്കാരിനും കോടതിയുടെ വിമർശനം.

യുപിയിലെ ലഖിംപൂർ ഖേരിയിൽ ഒക്ടോബർ മൂന്നിന് നടന്ന കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. നാല് കർഷകർ അടക്കം എട്ട് പേരെ കാറോടിച്ച് കയറ്റി കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ കോടതി ഒരാഴ്ചക്കകം കീഴടങ്ങണമെന്നും നിർദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെയും സുപ്രീംകോടതി വിമർശിച്ചു. ഇരകളുടെ കുടുംബങ്ങളുടെ വാദം കേട്ടിട്ടല്ലായിരുന്നു ഹൈക്കോടതി തീരുമാനം. അപ്രധാനമായ വസ്തുതകൾ പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

ജാമ്യവിഷയത്തിൽ അലഹബാദ് ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയ്ക്കെതിരെ അപ്പീൽ നൽകാതിരുന്ന ഉത്തർപ്രദേശ് സർക്കാരിനും സുപ്രീംകോടതി ഉത്തരവ് തിരിച്ചടിയായി.

ആശിഷ് മിശ്ര രാജ്യം വിടുമെന്ന ഭീഷണിയില്ലെന്ന വാദമാണ് യുപി സർക്കാർ സുപ്രീംകോടതിയിൽ മുന്നോട്ട് വച്ചത്. ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യു.പി സർക്കാരിന് കത്തെഴുതിയിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കുന്ന നിലപാടാണ് യോഗി സർക്കാർ സ്വീകരിച്ചത്.

കർഷക സമരത്തെ ഭീഷണിപ്പെടുത്തി പരാജയപ്പെടുത്താൻ ശ്രമിച്ച കേന്ദ്രസർക്കാരിനും സുപ്രീംകോടതി വിധി തിരിച്ചടി ആകുകയാണ്. കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം നടത്തിയ ശ്രമങ്ങളും പ്രതികരണങ്ങളും കോടതിവിധി നേടി പരാജയപ്പെടുത്തുകയാണ് കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News