കേന്ദ്രത്തിന്റെ കൊവിഡ് മരണക്കണക്ക് തെറ്റ്, യഥാര്‍ത്ഥത്തില്‍ നാലിരട്ടിയോളം; റിപ്പോര്‍ട്ട് പുറത്തുവിടാനൊരുങ്ങി WHO

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കിനേക്കാള്‍ നാലിരട്ടിയോളം പേര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചതായുള്ള ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടേക്കും. ഞെട്ടിക്കുന്ന കണക്കുകളുടെ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചതായും സൂചന. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റെന്ന് സ്വതന്ത്ര ഏജന്‍സികളുടെ സര്‍വേകളും ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കണക്കുകള്‍ സംബന്ധിച്ച് പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് കത്തയച്ചു.

ഉടന്‍ പുറത്തുവിടാനിരിക്കുന്ന ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് പ്രകാരം കൊവിഡ്മരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കണക്കുകളുടെ നാലിരട്ടി ആളുകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണങ്ങള്‍ പൂഴ്ത്തിവെക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകളെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പത്ത് വര്‍ഷത്തേക്ക് വൈകിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചതായും സൂചനകളുണ്ട്. റിപ്പോര്‍ട്ട് തയാറാക്കുന്ന സാങ്കേതിക വിദഗ്ധരുടെ സംഘം ഇത് സ്ഥിരീകരിച്ചതായും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഡാറ്റാ ശേഖരണത്തില്‍ പാളിച്ചയും രഹസ്യസ്വഭാവവും ചൂണ്ടിക്കാട്ടുന്നതാണ് പുറത്ത് വരാനിരിക്കുന്ന റിപ്പോര്‍ട്ട് എന്ന് വ്യക്തം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ആകെ അഞ്ചേകാല്‍ ലക്ഷം പേരാണ് മരിച്ചത്. അതായത്, അമേരിക്കക്കും ബ്രസീലിനും ശേഷം മൂന്നാമത്. പക്ഷേ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യം ഇന്ത്യയായി മാറും. മോഡിസര്‍ക്കാര്‍ കൊവിഡുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്ത് വിടാതെ ഒളിപ്പിക്കുകയാണെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വതന്ത്ര സംഘടനകളുടെ സര്‍വേകളിലും സര്‍ക്കാര്‍ കണക്കുകള്‍ തെറ്റെന്ന സൂചന ലഭിച്ചിരുന്നു.

കൊവിഡ് കാലത്ത് ഇന്ത്യന്‍ ജനത വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കെ പുതിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് വന്‍ തിരിച്ചടിയായി മാറും. ഈ തിരിച്ചടി പ്രതീക്ഷിച്ചാണ് കണക്ക് പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതെന്നും വ്യക്തം. നദികളിലൂടെ ഒഴുകി നടന്ന മൃതദേഹങ്ങളും ശ്മശാനത്തില്‍ സ്ഥലമില്ലാതെ നടുറോഡില്‍ ദഹിപ്പിക്കേണ്ടി വന്ന മൃതദേഹങ്ങളും സര്‍ക്കാര്‍ കണക്കുകളില്‍ പെടാതെ മാറിനില്‍ക്കുകയാണെന്ന് യഥാര്‍ത്ഥ കണക്കുകള്‍ പറയുന്നു. കൊവിഡ് കണക്കുകള്‍ സംബന്ധിച്ച് പരിശോധന വേണമെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് കത്തയച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel