
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചു. കേസ് 21 ന് പരിഗണിക്കാൻ മാറ്റി.അതേ സമയം ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷയും കോടതി 21 പരിഗണിക്കാൻ മാറ്റി.ഇതിനിടെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് എ ഡി ജി പി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
കോടതി രേഖകൾ ദിലീപിൻ്റെ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിനെത്തുടർന്നാരംഭിച്ച തുടരന്വേഷണം മാർച്ച് 1നകം പൂർത്തിയാക്കാനായിരുന്നു വിചാരണക്കോടതി ആദ്യം നിർദേശിച്ചിരുന്നത്.എന്നാൽ അന്വേഷണ സംഘത്തിൻറെ ആവശ്യപ്രകാരം ഏപ്രിൽ 18 വരെ സമയം നീട്ടി നൽകുകയായിരുന്നു.
പക്ഷേ കേസുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.ദിലീപിൻറെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതടക്കം ഇനി പൂർത്തീകരിക്കാനുള്ള നടപടികളെക്കുറിച്ചും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചും സമാഹരിച്ച തെളിവുകൾ സംബന്ധിച്ചുമുള്ള അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സാവകാശം തേടിയുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു.തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റുകയായിരുന്നു.
എട്ടാം പ്രതിയായ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷ പരിഗണിക്കുന്നതും കോടതി 21ലേക്ക് മാറ്റി. അതേ സമയം ക്രൈംബ്രാഞ്ച് അപേക്ഷ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് മേധാവി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കോടതി രേഖകൾ ദിലീപിൻറെ ഫോണിലേക്കെത്തിയെന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻറെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോടതി ക്രൈംബ്രാഞ്ച് എ ഡി ജി പിയോട് റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു.ഇതെത്തുടർന്നാണ് എ ഡി ജി പി റിപ്പോർട്ട് സമർപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here