Co-operative Expo 2022 – കലാസന്ധ്യയും സെമിനാറുകളും പ്രദര്‍ശന വിപണന മേളയും; എറണാകുളം ഒരുങ്ങിക്കഴിഞ്ഞു; പ്രവേശനം സൗജന്യം

‘സഹകരണ എക്സ്പോ 2022’ ; കലാസന്ധ്യയും സെമിനാറുകളും;210 പവലിയനിലായി പ്രദര്‍ശന വിപണന മേള; നാളെ രാവിലെ 9.30 മുതല്‍ പ്രവേശനം സൗജന്യം

മറൈന്‍ഡ്രൈവില്‍ ഇന്ന് രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത് എട്ട് ദിവസത്തെ വര്‍ണാഭമായ മേളയാണ് .കേരളീയ ജീവിതത്തില്‍ സഹകരണ മേഖലയുടെ കരുതലും പിന്തുണയും വിളംബരം ചെയ്യുന്ന ‘സഹകരണ എക്സ്പോ 2022’ പ്രദര്‍ശന വിപണന മേളയില്‍ സാംസകാരിക പരിപാടികള്‍ കൊണ്ടും സമ്പന്നമാണ്.കൊവിഡ് അകലങ്ങള്‍ക്ക് ശേഷം വീണ്ടും എറണാകുളം ഒരുമയുടെ പൂരത്തിനായി സാക്ഷിയാകുക കൂടിയാണ്. സഹകരണ മേഖലയുടെ വളര്‍ച്ച വ്യക്തമാക്കുന്നതോടൊപ്പം പുതിയകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള തയ്യാറെടുപ്പിന്റെ നേര്‍ചിത്രംകൂടിയാകും എട്ടുദിവസത്തെ മേളയെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

“കോ-ഓപ്പറേറ്റീവ് എക്സ്പോ – 2022”

കേരള സർക്കാരിൻറെ രണ്ടാം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന കോ-ഓപ്പറേറ്റീവ് എക്സ്പോ – 2022, കേവലം സഹകരണ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നതിനപ്പുറം സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ കേരള സഹകരണ പ്രസ്ഥാനത്തിന്റെ ജനകീയ പ്രവർത്തനങ്ങൾ, അവർ ആർജിച്ചെടുത്ത നേട്ടങ്ങൾ, അഭിമുഖീകരിച്ച വെല്ലുവിളികൾ എന്നിവ ജനങ്ങൾക്കു മുന്നിൽ കാഴ്ചവെയ്ക്കുന്നതിനുള്ള ഒരു അനന്യമായ വേദിയാണ്. കേരളത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ സഹകരണ പ്രസ്ഥാനങ്ങൾ വഹിച്ച പങ്കാളിത്തവും പ്രഭാവവും ബോധ്യപ്പെടുത്തുക എന്നതും കോ-ഓപ്പറേറ്റീവ് എക്സ്പോ-2022 ന്റെ ഉദ്ദിഷ്ട ലക്ഷ്യങ്ങളിൽ ഒന്നാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന 340 ജൈവ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ആധുനിക സേവനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും. 60,000 ചതുരശ്രയടിയില്‍ തീര്‍ത്ത എക്സ്പോയില്‍ 210 പവലിയനിലായാണ് പ്രദര്‍ശനം. കേരള ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി, മില്‍മ, മത്സ്യഫെഡ്, റെയ്ഡ്കോ, റബ്കോ, കണ്‍സ്യൂമര്‍ഫെഡ്, കേരഫെഡ് എന്നിവയ്ക്കുപുറമെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഉല്‍പ്പാദക സഹകരണ സ്ഥാപനങ്ങള്‍, യുവജന — വനിതാ സഹകരണ സംഘങ്ങള്‍ എന്നിവയും മേളയിലുണ്ട്.സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 10 സെമിനാര്‍ സംഘടിപ്പിക്കും. കലാസന്ധ്യയുമുണ്ട്. 8000 ചതുരശ്രയടിയില്‍ ഫുഡ്കോര്‍ട്ടും സജ്ജമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും എക്സ്പോ.

മലയാളത്തിന്റെ വാദ്യ സൗഭാഗ്യം പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ തായംബകയാണ് ഇന്നത്തെ കലാമേളയിലെ മുഖ്യ ആകര്‍ഷണം.ഒപ്പം നാട്ടരങ്ങുമുണ്ട്.

മറൈന്‍ഡ്രൈവില്‍ രാത്രി ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ്. ഉദ്ഘാടനച്ചടങ്ങില്‍ സഹകരണമന്ത്രി അധ്യക്ഷനാകും. സ്റ്റാളുകള്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News