MV Govindan Master- നവകേരള തദ്ദേശകം 2022; പെന്‍ഡിംഗ് ഫയല്‍ അദാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം :മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ പതിനാല് ജില്ലകളിലും സംഘടിപ്പിച്ച നവകേരള തദ്ദേശകം 2022ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തുന്ന പെന്‍ഡിംഗ് ഫയല്‍ അദാലത്ത് ഓരോ തലത്തിലും നിശ്ചയിച്ച സമയത്തിന് തന്നെ പൂര്‍ത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലും ഈ വര്‍ഷം ജനുവരി 31 വരെ സ്വീകരിച്ചിട്ടുള്ളതും ആരംഭിച്ചതും തീര്‍പ്പാക്കാത്തതുമായ എല്ലാ ഫയലുകളും വര്‍ഷം തിരിച്ചും കാറ്റഗറി തിരിച്ചും ഓഫീസ് അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയാണ് ഫയല്‍ അദാലത്ത് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കെട്ടിക്കിടക്കുന്നതും തീര്‍പ്പ് കല്‍പ്പിക്കാത്തതുമായ എല്ലാ ഫയലുകളും അതാത് ഓഫീസില്‍ തീര്‍പ്പാക്കുവാനും ഉയര്‍ന്ന തട്ടിലുള്ള ഓഫീസുകളിലേക്ക് നല്‍കാനുള്ളതാണെങ്കില്‍ അങ്ങനെ ചെയ്ത് റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്തരം ഫയലുകള്‍ ഏപ്രില്‍ 12നകം തദ്ദേശ സ്ഥാപന തലത്തിലും മറ്റ് ഓഫീസ് തലങ്ങളിലും തീര്‍പ്പാക്കി ഉയര്‍ന്ന തലത്തിലുള്ള ഓഫീസുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ജില്ലാതല ഓഫീസുകള്‍ ഏപ്രില്‍ 20നകവും ഡയറക്ടറേറ്റുകള്‍ ഏപ്രില്‍ 25നകവും ഫയലുകള്‍ തീര്‍പ്പാക്കി അടുത്ത തലത്തിലേക്ക് നല്‍കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ തീര്‍പ്പാക്കേണ്ട എല്ലാ ഫയലുകളും ഏപ്രില്‍ 21നകം തീര്‍പ്പാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകനുമായോ മറ്റുള്ള ആരെങ്കിലുമായോ നേരിട്ട് സംസാരിക്കേണ്ടതുണ്ടെങ്കില്‍ അവരെ വിളിച്ച് ചര്‍ച്ച നടത്തുവാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തണം. ഏപ്രില്‍ 21 വരെ ഫിസിക്കല്‍ അദാലത്ത് നടത്തി ഫയലുകളില്‍ തീര്‍പ്പുണ്ടാക്കണം. ഇത്തരത്തിലുള്ള ഫയലുകളിലുള്ള അന്തിമ തീരുമാനത്തിന് മേല്‍ത്തട്ടിന്റെ സ്പഷ്ടീകരണം ആവശ്യമെങ്കില്‍ അവിടെ നടത്തുന്ന ഫയല്‍ അദാലത്തിന്റെ തീയ്യതിയും മറ്റ് വിശദാംശങ്ങളും മേല്‍ ഓഫീസുകളില്‍ ബന്ധപ്പെട്ട് അദാലത്തില്‍ പങ്കെടുക്കുന്ന പൗരന് ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ജില്ലാതലത്തില്‍ ഏപ്രില്‍ 23നകവും ഡയറക്ടറേറ്റ് തലത്തില്‍ ഏപ്രില്‍ 28നകവും സര്‍ക്കാര്‍ തലത്തില്‍ ഏപ്രില്‍ 30നകവും ഫയലുകള്‍ തീര്‍പ്പാക്കണം. ഓരോ ഓഫീസ് തലത്തിലും ജില്ലകള്‍ക്കും സംസ്ഥാനത്തിനും പൊതുവായും ഫയല്‍ അദാലത്ത് സംവിധാനം വിജയിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫയല്‍ അദാലത്ത് സംവിധാനം ഓരോ തലത്തിലും കൃത്യമായി ഡോക്യുമെന്റ് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News