ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ സിനി(44) ആണ്‌ മരിച്ചത്. ഒമ്പതിന്‌ രാത്രി ഭർത്താവ് ബിനോയി ജോസഫി(48)ന്റെ വെട്ടേറ്റാണ്‌ സിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കറിക്കത്തികൊണ്ട്‌ കഴുത്തിന്‌ വെട്ടേറ്റ സിനിയെ സംഭവദിവസംതന്നെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആഴത്തിലുള്ള മുറിവായതിനാൽ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു.

സംശയരോഗത്തെ തുടർന്നാണ്‌ സംഭവം. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന ആൺമക്കൾ ഓടിയെത്തിയപ്പോഴേക്കും ഇവർ അവശനിലയിലായിരുന്നു. കുട്ടികൾ അറിയിച്ചതിനെതുടർന്ന് അയൽവാസികളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ, പൊൻകുന്നം പൊലീസ് എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്ഐ ടി ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിനിയുടെ പോസ്റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ നടത്തി.

വെച്ചൂച്ചിറ കല്ലൂക്കുളങ്ങര കുടുംബാംഗമാണ്. മക്കൾ: ലിയോ, ലിതിൻ. സംസ്‌കാരം ചൊവ്വ രാവിലെ 10ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ബിനോയി റിമാൻഡിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here