KSEB : കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അംഗീകൃത യൂണിയന്‍ നേതാക്കളുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും

കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അംഗീകൃത യൂണിയന്‍ നേതാക്കളുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. ബോര്‍ഡ് മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയും.

അതേസമയം സമരത്തിന് അനുമതി നിഷേധിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ചെയര്‍മന്റെ തീരുമാനം. സമരം കടുപ്പിക്കുമെന്ന് തന്നെയാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിന്റെ ഏകപക്ഷീയ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്.

സംഘടനാ ഭാരവാഹികള്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.

പണിമുടക്കില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ചെയര്‍മാന്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവന്‍ വളയുക.

ജീവനക്കാരുടെ പ്രതിഷേധം നീളുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സമവായ നീക്കം എല്ലാ അംഗീകൃത യൂണിയന്‍ നേതാക്കളുമായി മന്ത്രി ചര്‍ച്ച ചെയ്യും. എന്നാല്‍, ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങുമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here