Veena George : കൊവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്; കേന്ദ്രം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് ( Covid) കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George ). ഇത്തരത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണം പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര ജോയിന്റ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് (Health Department ) പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ലഭിക്കും മുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു.

സംസ്ഥാനം കൊവിഡ് കണക്കുകള്‍ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നല്‍കിയിരുന്നു. കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കോവിഡ് കണക്കുകള്‍ നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങള്‍ അറ്റാച്ച് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് കണക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ എപ്രില്‍ പത്തിനാണ് സംസ്ഥാനം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ്. എങ്കിലും കോവിഡ് ഡേറ്റ കൃത്യമായി ശേഖരിച്ച് വയ്ക്കുകയും കേന്ദ്രത്തിന് കണക്കയയ്ക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്.

രണ്ടാഴ്ചയിലൊരിക്കല്‍ കൊവിഡ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ദിവസേനയുള്ള കണക്കുകള്‍ വീണ്ടും പ്രസിദ്ധപ്പെടുത്തുന്നതാണ്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 200നോടുത്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 209 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണവും കൂടിയിട്ടില്ല. അപ്പീല്‍ മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം പരിഗണിക്കുന്നതിനാലാണ് മരണങ്ങള്‍ കൊവിഡ് കണക്കില്‍ വരുന്നത്. സംസ്ഥാനം കൃത്യമായ രീതിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ കേരളവും ശ്രദ്ധിക്കുന്നുണ്ട്. കോവിഡിനോടൊപ്പം ജീവിേക്കണ്ടതുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കൊവിഡ് നല്ല രീതിയില്‍ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കോവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News