ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊല; മമത സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തം

ബംഗാളിലെ ഹന്‍സ്ഖാലി പീഡനക്കൊലയില്‍ മമത സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ വിമര്‍ശനം ശക്തം. കേസില്‍പ്പെട്ട സ്വന്തം അനുയായികളെ രക്ഷിച്ചെടുക്കാനാണ് തൃണമൂല്‍ ഭരണകൂടത്തിന്റെ ശ്രമം. യുപിയിലെ ഹാത്രസിന് സമാനമായ സംഭവങ്ങളാണ് ഹന്‍സ്ഖാലിയില്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകളും പ്രതികരണങ്ങളും വ്യക്തമാക്കുന്നുണ്ട്.

ബംഗാളില്‍ നാദിയ ജില്ലയിലെ ഹന്‍സ്ഖാലിയില്‍ നടന്ന പീഡനം തൃണമൂല്‍ ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണെന്നാണ് നാട്ടുകാരുടെ പക്ഷം. ഭിര്‍ഭും തൃണമൂല്‍ കൂട്ടക്കൊലക്ക് പിന്നാലെ മറ്റൊരു മൃഗീയ കൊലപാതകം അരങ്ങേറുമ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത് മമത സര്‍ക്കാരിന് നേരെ തന്നെയാണ്.

പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് പിച്ചിച്ചീന്തിയത് പ്രാദേശിക തൃണമൂല്‍ നേതാവ് സമീര്‍ ഗയാലിയുടെ മകനും സുഹൃത്തുക്കളും. പ്രധാനപ്രതി ബ്രജ ഗയാലിയുടെ ജന്മദിനാഘോഷത്തിനിടെ നടന്ന ക്രൂര സംഭവം പുറത്തറിയരുത് എന്ന് അവര്‍ക്ക്നി ര്‍ബന്ധമുണ്ടായിരുന്നു. പീഡനത്തെ തുടര്‍ന്ന് ജീവച്ഛവമായ പെണ്‍കുട്ടിയെ അവളുടെ കുടിലിലേക്ക് തന്നെ വലിച്ചെറിഞ്ഞു. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പ്രതികള്‍ തന്നെ പുറത്തെത്തിച്ചു കത്തിച്ചുകളഞ്ഞു, പോസ്റ്റ്‌മോര്‍ട്ടത്തിനോ മറ്റ് തെളിവുകളുടെ സാധ്യതകള്‍ക്കോ ഇടനല്‍കാതെ. അന്ത്യകര്‍മങ്ങള്‍ക്ക് പോലും തൃണമൂല്‍ നേതാക്കള്‍ തടസം നിന്നപ്പോള്‍ സിപിഐഎം ഇടപെട്ടാണ് അവസരമൊരുക്കിയത്.

തൃണമൂല്‍ ഭീകരതയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം അണിനിരത്തുകയാണ് സിപിഐഎം. ഇതോടെ രാജ്യം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭീതിതമായ പീഡനക്കൊലകളില്‍ ഒന്നായി മാറുകയാണ് ഹന്‍സ്ഖാലി പീഡനക്കൊലപാതകം. ഹന്‍സ്ഖാലി മറ്റൊരു ഹാഥ്രസ് ആണെന്ന് ദേശാഭിമാനി ലേഖനത്തില്‍ ജനശക്തി എഡിറ്റര്‍ ദേബഷിഷ് ചക്രബര്‍ത്തിയും വ്യക്തമാക്കുന്നു.

ഹന്‍സ്ഖാലിയിലെ പീഡനത്തെ ലളിതവത്കരിക്കാന്‍ മമത ബാനര്‍ജി നടത്തിയ ശ്രമങ്ങളും ചര്‍ച്ചയായതാണ്. സംഭവം ബലാത്സംഗ കൊലപാതകം തന്നെയാണോ അതോ പെണ്‍കുട്ടി പ്രണയത്തെ തുടര്‍ന്ന് ഗര്‍ഭിണി ആയതാണോ എന്ന ചോദ്യം പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തി വിഷയത്തെ അപ്രസക്തമാക്കാന്‍ ശ്രമം നടത്തിയത് ഭരണം കയ്യാളുന്നവര്‍ തന്നെയായിരുന്നു. പ്രതികളായ തൃണമൂല്‍ നേതാവിന്റെ മകനെയും സുഹൃത്തുക്കളെയും രക്ഷപ്പെടുത്താനുള്ള നീക്കം നടത്തുകയാണ് മമത സര്‍ക്കാരെന്നും വിമര്‍ശനമുയരുന്നുണ്ട്. പ്രതികളുടെ ഭീഷണിയും ഭരണകൂടം നല്‍കുന്ന സംരക്ഷണവും വകവെയ്ക്കാതെ പോലീസില്‍ പരാതി നല്‍കാന്‍ കുടുംബം ഇടപെട്ടപ്പോഴും നടപടി ഉണ്ടായില്ല. സംസ്ഥാന പോലീസ് അന്വേഷണത്തില്‍ ഉഴപ്പിയതോടെ കേസ് സിബിഐക്ക് വിട്ടിരിക്കുകയാണ് കല്‍ക്കത്ത ഹൈക്കോടതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News