IB Satheesh: ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എ; ഞെട്ടി ദമ്പതികള്‍

ഡെലിവറിമാനായി ഐബി സതീഷ് എംഎല്‍എയെ കണ്ട് ദമ്പതികള്‍. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഉച്ചയൂണിനായി കാത്തിരിക്കുകയായിരുന്നു ജഗതിയില്‍ താമസിക്കുന്ന അജിത് കുമാറും ഭാര്യയും. പറഞ്ഞ സമയത്ത് തന്നെ ഭക്ഷണം എത്തി. വാതില്‍ തുറന്നതും ഭക്ഷണവുമായി എംഎല്‍എ ഐബി സതീഷ്(IB Satheesh). കണ്ടതും ദമ്പതികള്‍ക്ക് ആശ്ചര്യമായി.

കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്. ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാര്‍ത്ഥികളും അടങ്ങുന്നവര്‍ക്ക് രാവിലെ തന്നെ ഇവര്‍ ഉച്ചയൂണൊരുക്കി നല്‍കും. സംരംഭത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് ഉച്ചയൂണുമായി എംഎല്‍എ എത്തിയത്. ഐബി സതീഷ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇത്തരം ആശയങ്ങള്‍ ചെറിയ സംരഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്നതിന്റെ തെളിവാണെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഡെലിവറി മാനായി കുറച്ചുനേരം……. ജഗതി ഡി.പി ഐ ലെ ഉള്ളൂര്‍ നഗറില്‍ അല്‍ സാഹസല്‍ ക്രസ്റ്റയിലെ C 5 യിലെ ശ്രീ അജിത് കുമാറിനെയും ഭാര്യയെയും ഞെട്ടിച്ചു കൊണ്ടാണ് കയറി ചെന്നത്…. കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലിന്റെ പുതിയ സംരംഭമാണ് ഉച്ചയൂണ് വീടുകളിലെത്തിക്കുന്നത്……. തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രത്യേകിച്ച് ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന നഗര ജീവിതത്തില്‍ രാവിലെ തന്നെയുള്ള ഉച്ചയൂണൊരുക്കം….. ഒരു കീറാമുട്ടിയാണ്….. ഹോട്ടലുകളിലെ സ്ഥിര ഭക്ഷണത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍……. പാചക വാതക സിലിണ്ടര്‍ വില എവിടെയെത്തു മെന്നാര്‍ക്കുമില്ല നിശ്ചയം….
കാട്ടാല്‍ ഇന്‍ഡസ്ടിയല്‍ കൗണ്‍സില്‍ മുന്നോട്ട് വക്കുന്ന ആശയം തന്നെ ചെറിയ സംരഭങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്നാണ്.

ഒരു ഫോണ്‍ കോളിലെത്തും അമ്മമണമുള്ള പൊതിച്ചോര്‍, നാട്ടുരുചികള്‍ മണക്കുന്ന ഉച്ചയൂണു കഴിക്കണോ?

മാമ്പഴപ്പുളിശേരിയും നാട്ടു വിഭവങ്ങള്‍ കൊണ്ടൊരുക്കിയ അവിയലും തോരനും സാമ്പാറും ചമ്മന്തിയുമൊക്കെ ചേര്‍ത്ത് ഊണ് രാവിലെ തന്നെ വീട്ടുപടിക്കലെത്തും. 8078064870 ലേക്ക് ഒറ്റ ഫോണ്‍ കോള്‍ മതി. ആവിപറക്കുന്ന പൊതിച്ചോറ് അതി രാവിലെ വീട്ടുമുറ്റത്ത് എത്തിക്കും. ജൈവ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. കൂടാതെ കൃത്രിമ നിറങ്ങളോ മായം ചേര്‍ന്ന പാചക എണ്ണയോ മറ്റു വസ്തുക്കളോ ഉപയോഗിക്കുന്നില്ല.

രാവിലെ 7 മണി മുതല്‍ 9 മണിവരെയുള്ള സമയങ്ങളില്‍ വീടുകളിലും ഫ്‌ലാറ്റുകളിലും പൊതിച്ചോറുകള്‍ എത്തും. മാറനല്ലൂരിലെ വീട്ടമ്മമാരുടെ കൂട്ടായ്മ മയൂരം കാറ്ററിംഗ് യൂണിറ്റ് ആണ് തയ്യാറാക്കുന്നത്..

SYIndia യാണ് പൊതിച്ചോര്‍ വിതരണം നടത്തുക. 60 രൂപയാണ് വില. ആദ്യഘട്ടമായി നേരിട്ട് തന്നെ 20 പേര്‍ക്ക് തൊഴില്‍ നല്‍കുവാനും വനിതകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഉപജീവനം നടത്താനും കഴിയും വിധമാണ് ഉച്ചയൂണ് പദ്ധതി ….. തൊഴിലു വരുമാനവുമൊപ്പം വീട്ടു രുചിയോടെ ഉച്ചയൂണും ……

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here