ADVERTISEMENT
വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ച് പ്രതികരണവുമായി വിജയുടെ(vijay) പിതാവ് എസ് എ ചന്ദ്രശേഖര്‍. ചിത്രത്തിന്റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുതിയ തലമുറയിലെ കഴിവു തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് തെറ്റിദ്ധാരണയുണ്ട്. ബീസ്റ്റിന്റെ കാര്യത്തില്‍ തിരക്കഥയും അവതരണവും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും എസ് എ ചന്ദ്രശേഖര്‍ പറയുന്നു. ബീസ്റ്റിലെ അറബിക്കുത്ത് സോങ് ആസ്വദിച്ചു. എന്നാല്‍ സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. പുതുതലമുറയിലെ സംവിധായകരുടെ ആദ്യ 2 സിനിമകള്‍ വലിയ വിജയമാകുന്നതോടെ സൂപ്പര്‍താരങ്ങള്‍ അവരുടെ പിന്നാലെ പോകും. കഥയില്ലെങ്കില്‍ പോലും ഫാന്‍സ് ചിത്രത്തെ രക്ഷിക്കും എന്ന വിശ്വാസത്തില്‍ ഈ സംവിധായകരും അവര്‍ക്കൊപ്പം സിനിമ എടുക്കാന്‍ ഒരുങ്ങും. അതൊരു തെറ്റായ ധാരണയാണ്”- ചന്ദ്രേശഖര്‍ പറഞ്ഞു.
സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു വിജയ് നായകനായ ബീസ്റ്റ്. എന്നാല്‍ ആദ്യദിനം തന്നെ ശരാശരി മാത്രമെന്നും മോശമെന്നുമുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രം എത്തിയതിന്റെ അടുത്ത ദിവസം കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കെജിഎഫ് 2 കൂടി എത്തിയതോടെ ബോക്‌സ് ഓഫീസിലും ബീസ്റ്റ് കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.