
സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനൊപ്പമുള്ള തന്റെ അടുത്ത ചിത്രം ഈയടുത്താണ് രജനികാന്ത് (Rajanikanth) പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ചിത്രത്തിന്റെ സംവിധായകനെ രജനികാന്ത് മാറ്റാന്‍ തീരുമാനിച്ചുവെന്ന അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്. ബീസ്റ്റിന്റെ പരാജയമാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലൈവര്‍ 169ന്റെ നിര്‍മ്മാതാക്കള്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങില്‍ രജനികാന്ത് ബീസ്റ്റ് കണ്ടു. എന്നാല്‍ താരത്തിന് ചിത്രത്തോട് വലിയ മതിപ്പുണ്ടായില്ലെന്നും ഇതിനാലാണ് നെല്‍സണിനു പകരം പുതിയ സംവിധായകനെ താരം തേടുന്നുതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബീസ്റ്റ് സിനിമയെക്കുറിച്ച് സൂപ്പര്‍സ്റ്റാര്‍ ഇതുവരെയും സോഷ്യല്‍ മീഡിയയിലോ മറ്റെങ്ങും തന്നെ പ്രതികരിച്ചിട്ടില്ല.
ഈ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് ആരാധാകരുടെ വാദം. അതേസമയം മറ്റ് ചില ആരാധകര്‍ക്ക് സംവിധായകനെ മാറ്റണമെന്ന് ആഗ്രഹമുണ്ടെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നെല്‍സണ്‍ തലൈവര്‍ 169ന്റെ ഭാഗമാവുന്നുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി നെല്‍സണ്‍ ദിലീപ്കുമാറും സൂപ്പര്‍സ്റ്റാറുമായി ചിത്രത്തിന്റെ തിരക്കഥയുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിജയ് നായകനായ നെല്‍സന്റെ ചിത്രം ‘ബീസ്റ്റ്’ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഡാര്‍ക്ക് കോമഡി ത്രില്ലറുകളായ ‘കൊലമാവ് കോകില’, ‘ഡോക്ടര്‍’ എന്നീ സിനിമകളിലൂടെയാണ് നെല്‍സണ്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ നെല്‍സണ്‍ വളരേയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. എന്നാല്‍ ആദ്യ രണ്ട് സിനിമകളിലേതു പോലുള്ള ഇംപാക്റ്റ് ബീസ്റ്റിന് ലഭിച്ചിരുന്നില്ല. 2021ല്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം അണ്ണാത്തെ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. ഈ സാഹചര്യത്തില്‍ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചും ഒരു തിരിച്ചുവരവ് അനിവാര്യമാണ്, ഇത് തലൈവര്‍ 169നിലൂടെ രജനികാന്ത് നടത്തുമെന്നാണ് ആരാധാകരും പ്രതീക്ഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here