ഇടതിന് കരുത്തായി ഇ പി; LDF കൺവീനറായി ഇ പി ജയരാജൻ

അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തുന്നത്.രാഷ്ടിയ എതിരാളികളുടെ ആക്രമണങ്ങളെ അതിജീവിച്ച ഉൾക്കരുത്തും നേതൃപാടവും സംഘാടന മികവുമാണ് ഇ പി യുടെ കരുത്ത്.

അടിയന്തരാസസ്ഥക്കാലത്തെ തീക്ഷ്ണാനുഭവങ്ങളിൽ ഉരുകി തെളിഞ്ഞതാണ് ഇപി ജയരാജന്റെ രാഷ്ടീയ ജീവിതം.എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് സജീവമായ ഇ പി 1980‐ൽ ഡിവൈഎഫ്ഐ രൂപംകൊണ്ടപ്പോൾ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായി.ദീർഘകാലം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആർഎസ്എസ് ബോംബാക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

1992 ൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ ഇ പി തുടർന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി. ദേശാഭിമാനി ജനറൽ മാനേജർ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു.1991‐ൽ അഴീക്കോടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തി.2011 ലും 2016 ലും മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഒന്നാം പിണറായി സർക്കാറിൽ വ്യവസായ കായിക വകുപ്പ് മന്ത്രിയായ ഇ പി ഭരണരംഗത്തും മികവ് തെളിയിച്ചു.പലവട്ടം മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നേതാവാണ് ഇ പി. ചണ്ഡീഗഡിൽ നടന്ന 15ാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രാഷ്ട്രീയ എതിരാളികൾ ഏർപ്പെടുത്തിയ വാടക ഗുണ്ടകളുടെ വെടിയേറ്റു.അത്ഭുതകരമായി രക്ഷപെട്ടെങ്കിലും കഴുത്തിൽ തറച്ചു കയറിയ വെടിയുണ്ടകളുടെ അസ്വസ്ഥതകളുമായാണ് ഇപ്പോഴും ഇപിയുടെ ജീവിതം.കണ്ണൂരിലെ കരുത്തനായ നേതാവിന്റെ നേതൃത്വം കേരളത്തിലെ ഇടത് മുന്നണിക്ക് കൂടുതൽ ശക്തി പകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News