കേരള മോഡല്‍ വികസനം മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരള മോഡല്‍ വികസനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവി തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് കേരളത്തിലെ പ്രതിപക്ഷത്തിരിക്കുന്നവര്‍ എല്ലാക്കാലത്തും പിന്തിരിപ്പന്‍ നിലപാടെടുത്തവരാണ്. പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്. എന്തിനെയും എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കെ റെയില്‍ പദ്ധതിയുമായി നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍. സില്‍വര്‍ ലൈന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആശയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നുംവില കിട്ടി തുടങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവന്റെ വേദന അറിയാത്തവര്‍ അല്ല ഇടതുപക്ഷത്ത് ഉള്ളതെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിനായി ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും കാനം അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here