സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച് KSEB ഓഫീസേഴ്‌സ് അസോസിയേഷന്‍

വൈദ്യുതി ഭവന് മുന്നിലെ സമരം താല്‍കാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍. സമരം പ്രാദേശിക തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. മേഖലാ ജാഥകള്‍ നടത്താനും തുടര്‍ന്ന് മെയ് 16ന് വൈദ്യുതി ഭവന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനും ചട്ടപ്പടി സമരത്തിലേക്ക് കടക്കാനും തീരുമാനം. അതെസമയം മന്ത്രി കെ.കൃഷ്ണന്‍കുട്ടി വിളിച്ച യോഗം നാളത്തെയ്ക്ക് മാറ്റി.

കെഎസ്ഇബി ചെയര്‍മാന്റെയും മാനേജ്‌മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഈ മാസം പതിനൊന്നിന് വൈദ്യുതി ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരമാണ് താല്‍കാലികമായി നിര്‍ത്തിയത്. പുതിയ സമര പരിപാടിയും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. നാളെ മുതല്‍ മെയ് ഒന്ന് വരെ ജനപ്രതിനിധികളെ നേരില്‍ കണ്ട് വിഷയം ധരിപ്പിക്കും. തുടര്‍ന്ന് മെയ് രണ്ടിന് കാസര്‍കോട് നിന്നും മെയ് മൂന്നിന് എറണാകുളത്ത് നിന്നും രണ്ടു മേഖല ജാഥകള്‍ക്ക് തുടക്കമാകും. മെയ് 14ന് വൈദ്യുതി ഭവന് മുന്നില്‍ രണ്ട് ജാഥകളും സമാപിക്കും. തുടര്‍ന്നും പ്രശ്‌നപരിഹാരമായില്ലെങ്കില്‍ മെയ് 16ന് വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഒപ്പം അന്ന് മുതല്‍ എല്ലാ വൈദ്യുതി ഓഫീസിലും ചട്ടപ്പടി സമരവും ആരംഭിക്കും.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരം സമരക്കാര്‍ നടത്തി. വൈദ്യുതി ഭവന്‍ കവാടത്തില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വൈകീട്ട് വരെയായി വൈദ്യുതി ഭവന് മുന്നില്‍ വളയല്‍ സമരം തുടര്‍ന്നു. അതെസമയം ഇന്ന് സമരക്കാരുമായി മന്ത്രി നടത്താനിരുന്ന ചര്‍ച്ച നാളത്തെയ്ക്ക് മാറ്റി. മന്ത്രിസഭാ യോഗത്തിന് ശേഷമാകും ചര്‍ച്ച നടക്കുക. സമവായത്തിലൂടെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News