UAE: വിസ നടപടികളില്‍ വൻ മാറ്റവുമായി യു എ ഇ ; ഇളവുകളും പുതിയ വിസകളും ഇങ്ങനെ

യുഎഇയിൽ(UAE) വിസ നടപടികളില്‍ മാറ്റം . സ്‌പോണ്‍സര്‍(sponser) ഇല്ലാതെ അനുവദിക്കുന്ന വിസകളും(visa) പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് 60 ദിവസത്തേക്ക് താമസിക്കാനാകും. നിലവില്‍ ഇത് 30 ദിവസമാണ്. പുതിയ മാറ്റങ്ങള്‍ സെപ്തംബര്‍ മുതല്‍ നിലവില്‍ വരും.

മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആണ്‍കുട്ടികളെ 18 വയസ്സ് മുതല്‍ 25 വയസ്സ് വരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. ഇതുവഴി കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷവും യുഎഇയില്‍ തുടരാനുള്ള അവസരമാണ് ലഭിക്കുക. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ നിശ്ചിതകാലം യുഎഇയില്‍ താമസിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. ആറ് മാസം കൂടുമ്പോള്‍ യുഎഇയിലെത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഒഴിവായി.

അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസകളും യുഎഇ പ്രഖ്യാപിച്ചു. സ്‌പോണ്‍സറോ തൊഴിലുടമകളോ ആവശ്യമില്ലാതെ വിദഗ്ധ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാര്‍ വേണം. യുഎഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള കാറ്റഗറികളിലുള്ള തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. ശമ്പളം ദിര്‍ഹത്തില്‍ കുറയരുത്. കുറഞ്ഞത് ബിരുദമോ തത്തുല്യമായതോ ആയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണം.

തൊഴില്‍ വിസ
രാജ്യത്ത് ലഭ്യമാവുന്ന തൊഴില്‍ അവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും ഈ വിസ ലഭിക്കും. ബിരുദമാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ശമ്പളത്തില്‍ ഉള്‍പ്പെടെ മറ്റ് നിബന്ധനകളുമുണ്ട്.

ബിസിനസ് വിസ
നിക്ഷേപകരേയും സംരംഭകരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനായി നല്‍കുന്ന ഈ വിസയ്‍ക്ക് പ്രത്യേക സ്‍പോണ്‍സര്‍ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് ബിസിനസ് വിസ നേടി യുഎഇയിലെത്തി നിക്ഷേപ അവസരങ്ങള്‍ തേടാം.

ടൂറിസ്റ്റ് വിസ
സാധാരണ ടൂറിസ്റ്റ് വിസകള്‍ക്ക് പുറമെ അഞ്ച് വര്‍ഷത്തേക്ക് കാലവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി മടങ്ങി വരാവുന്നതുമായ വിസകള്‍ ഇനി ലഭ്യമാവും. തുടര്‍ച്ചയായി 90 ദിവസം വരെയായിരിക്കും രാജ്യത്ത് തങ്ങാനാവുന്നതെങ്കിലും ഒരു തവണ കൂടി ദീര്‍ഘിപ്പിക്കാം. വര്‍ഷത്തില്‍ പരമാവധി 180 ദിവസം മാത്രമേ യുഎഇയില്‍ താമസിക്കാവൂ എന്നാണ് നിബന്ധന. ഈ വിസയ്‍ക്ക് സ്‍പോണ്‍സര്‍ ആവശ്യമില്ല. എന്നാല്‍ വിസയ്‍ക്ക് അപേക്ഷിക്കുന്നതിന് ആറ് മാസം മുമ്പ് വരെയെങ്കിലും 4000 ഡോളറോ തതുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.

മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ

സാധാരണ ടൂറിസ്റ്റ് വിസക്ക് പുറമെ അഞ്ചു വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയും പുതിയതായി പ്രഖ്യാപിച്ചു. ഇതിനായി സ്‌പോണ്‍സറുടെ ആവശ്യമില്ല. ഈ വിസ വഴി എത്തുന്ന വ്യക്തികള്‍ക്ക് 90 ദിവസം രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് ലഭിക്കുക. അത്രയും ദിവസം കൂടി വിസ പുതുക്കാനുമാകും. എന്നാല്‍ ഒരു വര്‍ഷം 180 ദിവസത്തില്‍ കൂടുതല്‍ തങ്ങരുത്. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ആറ് മാസമായി 4,000 ഡോളറിന് തുല്യമായ തുകയുണ്ടാകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here