P Rajeev: മെയ്ഡ് ഇന്‍ കേരള ബ്രാന്റ് വില്‍പനശാലകള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും: പി രാജീവ്

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെയ്ഡ് ഇന്‍ കേരള ബ്രാന്റ് വില്‍പനശാലകള്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഇത്തരം വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിച്ചതും മെയ്ഡ് ഇന്‍ കേരള സാക്ഷ്യപത്രം ലഭിച്ചതുമായ എല്ലാത്തരം ഉല്‍പന്നങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ സംരംഭകവര്‍ഷം പ്രചരണ വീഡിയോയുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സംരംഭകരെ തേടി വ്യവസായ വകുപ്പ് എത്തുകയാണ്. ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭകരെ സഹായിക്കാന്‍ ഇന്റേണികളെ നിയമിച്ചിട്ടുണ്ട്. പരാതി പരിഹാരത്തിനും സംരംഭനടത്തിപ്പ് എളുപ്പമാക്കുന്നതിനുമുള്ള ഒരു അന്തരീക്ഷം ഇതിനകം കേരളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. പൊതു സഹായകകേന്ദ്രങ്ങള്‍, വിപണന സഹായ പദ്ധതികള്‍ എന്നിവയും സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംരംഭക വര്‍ഷം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം പി.രാജീവ് പ്രകാശനം ചെയ്തു. അഞ്ച് പ്രചരണ ചിത്രങ്ങളാണ് വകുപ്പ് പുറത്തിറക്കുന്നത്. കെ.എസ്. ഐ.ഡി.സി വാര്‍ത്താ പത്രികയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, കെ.എസ്.ഐ.ഡി.സി എം.ഡി. എം.ജി രാജമാണിക്യം, കെ.സുധീര്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News