യുഎഇയില്‍ കുട്ടികളിലെ ആദ്യ മജ്ജ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി മലയാളി ഡോക്ടര്‍

അരിവാള്‍ രോഗ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് ഏറെ നിര്‍ണ്ണായകമായ ചികിത്സാ രീതി യുഎഇയില്‍ യാഥാര്‍ഥ്യമാക്കി മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം. ദാതാവിന്റെ രക്ത മൂലകോശങ്ങള്‍ (സ്റ്റം സെല്‍) ഉപയോഗിച്ച് കുട്ടികളില്‍ മജ്ജമാറ്റിവയ്ക്കുന്ന അലോജനിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റാണ് അബുദാബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ പീഡിയാട്രിക് ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി വിഭാഗം മേധാവി ഡോ. സൈനുല്‍ ആബിദിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.

അരിവാള്‍ രോഗം (സിക്കിള്‍സെല്‍ ഡിസീസ്) ബാധിച്ച ഉഗാണ്ടയില്‍ നിന്നുള്ള അഞ്ചുവയസുള്ള പെണ്‍കുട്ടിയാണ് ട്രാന്‍പ്ലാന്റിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. പെണ്‍കുട്ടിയുടെ പത്തു വയസുള്ള സഹോദരിയാണ് മജ്ജ മാറ്റിവയ്ക്കലിന് ആവശ്യമായ മൂലകോശങ്ങള്‍ ദാനം ചെയ്തത്. ചുവന്ന രക്തകോശങ്ങള്‍ക്ക് അസാധാരണ രൂപമാറ്റം ഉണ്ടാക്കുകയും വിളര്‍ച്ച, കൈകളിലും കാലുകളിലും നീര്‍വീക്കം, ഇടയ്ക്കിടെയുള്ള കഠിന വേദന, സ്‌ട്രോക്ക് തുടങ്ങി നിരവധി സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് അരിവാള്‍ രോഗം.

ജനനം മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട പെണ്‍കുട്ടി തുടര്‍ച്ചയായ ആശുപത്രിവാസത്തിലായിരുന്നു. അരിവാള്‍ രോഗനിരക്ക് കൂടുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഹായമെത്തിക്കുന്ന ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ് പെണ്‍കുട്ടിയെ കുടുംബം ഡോ. സൈനുല്‍ ആബിദിന്റെ ചികിത്സയ്ക്കായി യുഎഇയില്‍ എത്തിച്ചത്. ജീവന്‍ അപായത്തിലാക്കുന്ന അവസ്ഥയായതിനാല്‍, മജ്ജ മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു ആശ്വാസമേകുന്ന ഏക നടപടി.

ശസ്ത്രക്രിയയ്ക്ക് മുന്‍പ് കുട്ടിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നെങ്കിലും അവളുടെ ജീവിതത്തില്‍ നിന്ന് കഠിനമായ ക്ലേശങ്ങള്‍ ഒഴിവാക്കാന്‍ മജ്ജ മാറ്റിവയ്ക്കലിലൂടെ സാധിച്ചതില്‍ മെഡിക്കല്‍ സംഘവും കുട്ടിയുടെ മാതാപിതാക്കളും സന്തുഷ്ടരാണെന്ന് ഡോ. സൈനുല്‍ ആബിദ് പറഞ്ഞു.

‘യുഎഇയില്‍ ഈ അത്യാധുനിക ചികിത്സ യാഥാര്‍ഥ്യമാക്കുകയെന്നത് മേഖലയില്‍ ഉള്ളവരുടെ ഏറെക്കാലത്തെ ആഗ്രഹമാണ്. കുട്ടികള്‍ക്ക് മജ്ജമാറ്റിവയ്ക്കല്‍ ആവശ്യമായി വന്നാല്‍ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുകയായിരുന്നു പതിവ്. ചികിത്സയോട് മികച്ച പ്രതികരണ് കുട്ടി പ്രകടിപ്പിക്കുന്നതെന്നും അഞ്ചാഴ്ചയ്ക്കകം ആശുപത്രി വിടാനാകും,’ ഡോ സൈനുല്‍ പറഞ്ഞു.

ഒരു പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമടങ്ങുന്ന സംഘമാണ് മജ്ജ മാറ്റിവയ്ക്കലിന്റെ ഭാഗമായത് .

കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയായ ഡോ. സൈനുല്‍ ആബിദ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മുംബൈ സര്‍വകലാശാലയില്‍ നിന്ന് പീഡിയാട്രിക്സില്‍ ബിരുദാനന്തര ബിരുദം നേടി. റോയല്‍ മാര്‍സ്ഡന്‍ ഹോസ്പിറ്റല്‍ ലണ്ടന്‍, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റല്‍സ് ഓഫ് ലണ്ടന്‍, മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, തുടങ്ങിയ പ്രമുഖ ആശുപത്രികളില്‍ നിരവധി പീഡിയാട്രിക് ബോണ് മാരോ ട്രാന്‍സ്പ്ലാന്റുകള്‍ നടത്തിയ അദ്ദേഹം ഈ മേഖലയില്‍ നിരവധി പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുകെയില്‍ നിന്ന് 2016ല്‍ യുഎഇയിലെത്തിയ അദ്ദേഹം അബുദാബി ബുര്‍ജീല്‍ ആശുപത്രി, തവാം ആശുപത്രി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍
പീഡിയാട്രിക് ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി വിഭാഗം മേധാവിയായി ചുമതലയേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel