Jahangirpur: ന്യൂനപക്ഷത്തെ ഉന്നംവച്ച് ബിജെപി ; ജഹാംഗിർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ ബിജെപിക്കാരൻ

വടക്ക്‌ പടിഞ്ഞാറൻ ദില്ലിയിലെ ജഹാംഗിർപുരിയിൽ നടന്ന വർഗീയ കലാപത്തിൽ ബിജെപിയുടെ(bjp) പങ്ക്‌ മറനീക്കി പുറത്ത്. സംഘർഷത്തിന്റെ മുഖ്യസൂത്രധാരനായ അൻസാർ ബിജെപി നേതാക്കൾക്കൊപ്പം പരിപാടികളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. വർഗീയ സംഘർഷം ഉണ്ടായിട്ടില്ലാത്ത ജഹാംഗിർപുരിയിൽ ന്യൂനപക്ഷ വിഭാഗത്തെ(Minority people) അക്രമത്തിലേക്ക്‌ തള്ളിവിടാനുള്ള ശ്രമമാണ്‌ അരങ്ങേറിയതെന്ന് വ്യക്തം. സംഘർഷം ആസൂത്രിതമായിരുന്നെന്ന്‌ പൊലീസും ചൂണ്ടിക്കാട്ടി.

ഹനുമൻ ജയന്തിയുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ ഘോഷയാത്രയാണ്‌ നടന്നത്‌. അനുമതിയില്ലാതെ പള്ളിയുള്ള വഴിയിലൂടെ വൈകിട്ട്‌ നടത്തിയ മൂന്നാം ഘോഷയാത്രയാണ്‌ സംഘർഷത്തിലെത്തിയത്‌. നോമ്പുതുറയോടനുബന്ധിച്ച്‌ ബാങ്കുവിളിച്ചപ്പോൾ ബജ്‌റംഗ്‌ദൾ, വിഎച്ച്‌പി നേതാക്കളായ പ്രേം ശർമ, ബ്രഹ്മപ്രകാശ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കുനേരെ ആക്രമണം നടത്തി. ഇതിനെ പ്രതിരോധിക്കുന്നതിനിടെ ന്യൂനപക്ഷ യുവാക്കളോട്‌ കല്ലും കുപ്പിയുമെറിയാൻ അൻസാർ നിർദേശിച്ചതോടെ വൻ സംഘർഷമായി മാറി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും അക്രമികളെ സഹായിച്ചെന്ന ആരോപണമുണ്ട്‌.

അൻസാർ ബിജെപിയുടെ നിയമസഭാ സ്ഥാനാർഥിയായിരുന്ന സംഗീത ബജാജിന്റെ പ്രചാരണത്തിൽ മുൻനിരയിൽ നിൽക്കുന്ന ചിത്രങ്ങൾ ആംആദ്‌മി നേതാവ്‌ അതീഷി മർലേന ട്വിറ്ററിലൂടെ പുറത്തുവിട്ടു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അൻസാർ വലിയ സ്വർണമാലയും കൈയിൽ തോക്കുമായി നിൽക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നു. ആംആദ്‌മി പാർടിയാണ്‌ ആക്രമണത്തിനുപിന്നിലെന്ന്‌ ബിജെപി ആരോപിച്ചിരുന്നു. എറിയാൻ കുപ്പി നൽകിയ ആക്രി കച്ചവടക്കാരൻ ഷെയ്‌ഖ്‌ ഹമീദിനെയും പിടികൂടി.

സംഘർഷത്തിനിടെ വെടിയുതിർത്ത സോനു കഴിഞ്ഞ ദിവസം പിടിയിലായി. ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടു. അൻസാർ അടക്കം അഞ്ചു പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തി. സലിം, ഇമാം ഷേഖ്‌ എന്ന സോനു, ദിൽഷാദ്‌, ആഹിർ എന്നിവരാണ്‌ മറ്റു പ്രതികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel