
പട്ടാമ്പി കൊപ്പം പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റിനെ പുറത്താക്കാൻ യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തിന് അനുകൂലമായി ബിജെപി അംഗം വോട്ടുചെയ്‌തത് പാർടിയുടെ പരസ്യ നിർദേശത്തെതുടർന്ന്. സിപിഐഎമ്മിലെ ടി ഉണ്ണിക്കൃഷ്‌ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി അംഗത്തിന്റെകൂടി വോട്ടോടെയാണ് പാസായത്.
പാർടി തീരുമാനം നടപ്പാക്കിയെന്നാണ് യുഡിഎഫിന് വോട്ടുചെയ്‌തശേഷം ബിജെപി അംഗം അഭിലാഷ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിന്റെ പഞ്ചായത്താണ് കൊപ്പം. ജില്ലയിലാകെ വരാനിരിക്കുന്ന ബിജെപി–- കോൺഗ്രസ് കൂട്ടുകെട്ടിന്റെ ആരംഭമാണ് ഈ നീക്കമെന്നും വിലയിരുത്തുന്നു. തിങ്കളാഴ്‌ച അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക് വരുന്നതിനുമുമ്പാണ് ജില്ലാ പ്രസിഡന്റ് ഒപ്പിട്ട വിപ്പ് ബിജെപി നേതാക്കൾ വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ കെ സരിതയ്‌ക്ക് കൈമാറിയത്. എന്നാൽ പഞ്ചായത്ത് അംഗത്തിനുള്ള വിപ്പ് കൈപ്പറ്റാൻ തനിക്ക് അധികാരമില്ലെന്ന് കാണിച്ച് തിരിച്ചയച്ചു. വിപ്പ് വരണാധികാരിക്ക് നൽകിയത് ബോധപൂർവമാണ്.
14ന് ജില്ലാ പ്രസിഡന്റ് ഒപ്പിട്ട വിപ്പ് 18 വരെയും കൈമാറിയില്ല. അംഗത്തിന് നേരിട്ട് വിപ്പ് കൊടുക്കാതെ ഒളിച്ചുകളിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. ബിജെപി അംഗം വിപ്പ് സ്വീകരിക്കാത്തതിനാലാണ് അയാളുടെ വോട്ട് വാങ്ങിയതെന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
വിപ്പ് ലംഘിച്ചാണ് അഭിലാഷ് വോട്ടു ചെയ്‌തതെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. എന്നാൽ, ഇയാളെ അയോഗ്യനാക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ ബിജെപി തയ്യാറല്ല. പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റിൽ സിപിഐ എം എട്ട്, യുഡിഎഫിൽ മുസ്ലിംലീഗ് അഞ്ച്, കോൺഗ്രസ് മൂന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നേരത്തേ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ബിജെപി അംഗം വിട്ടുനിന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് സിപിഐ എമ്മിലെ ടി ഉണ്ണിക്കൃഷ്‌ണൻ പ്രസിഡന്റും കോൺഗ്രസിലെ പുണ്യ സതീഷ് വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here