കാര്യവട്ടം കാമ്പസില്‍ ഇനി ആനവണ്ടിയിലിരുന്ന് പഠിക്കാം

വര്‍ഷങ്ങളോളം യുവത്വത്തിന്റെ പ്രതീക്ഷകളും പേറിയോടിയ ആനവണ്ടി വിശ്രമകാലത്തും യുവസ്വപ്നങ്ങള്‍ക്കു തുണയാകും. കാര്യവട്ടം സര്‍വകലാശാല കാമ്പസിലെ കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പഠനവകുപ്പില്‍ ക്ലാസ്മുറിയാകാന്‍ ഒരുങ്ങുകയാണ് പഴയകാലത്തെ കെഎസ്ആര്‍ടിസി ബസ് നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഓട്ടം മതിയാക്കിയ ബസാണ് ക്ലാസ്മുറിയാക്കുന്നത്.

ക്ലാസ്മുറികള്‍ വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമാക്കണമെന്ന ലക്ഷ്യത്തോടെ വകുപ്പ് മേധാവി ഡോ. അച്യുത് ശങ്കര്‍ എസ്.നായരാണ് ബസിലൊരു ക്ലാസ്മുറി എന്ന ആശയം അവതരിപ്പിച്ചത്. തീവണ്ടിയുടെ ഒരു ബോഗി കൊണ്ടുവരണമെന്നായിരുന്നു ആദ്യത്തെ ആശയം. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ളതിനാല്‍ അതിനു പകരം ബസ് എന്ന ആശയത്തിലേക്കു മാറി.

നാലുവര്‍ഷം മുന്‍പ് ബസ് വേണമെന്നുകാട്ടി കെ.എസ്.ആര്‍.ടി.സി.ക്ക് അപേക്ഷ നല്‍കി. നടപടിയൊന്നും ഉണ്ടായില്ല. ഒരു മാസം മുന്‍പ് KSRTC എം.ഡി. ബിജു പ്രഭാകറിനു കത്ത് നല്‍കുകയും അഞ്ചു ദിവസത്തിനകം ബസ് അനുവദിക്കുകയുമായിരുന്നു.

ആക്രിയായി വിറ്റാല്‍പോലും ഒന്നോരണ്ടോ ലക്ഷം രൂപ കിട്ടാന്‍ സാധ്യതയുള്ള ഈ ബസ് സൗജന്യമായാണ് കെ.എസ്.ആര്‍.ടി.സി. വിട്ടുകൊടുത്തത്. ക്രൈനില്‍ വലിച്ചുകൊണ്ടുവരാനുള്ള ചെലവ് മാത്രമാണ് പഠനവകുപ്പ് വഹിച്ചത്. ബസിന്റെ ഉള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വിളക്കും ഫാനുകളും സ്ഥാപിക്കും. ഒരുമാസത്തിനകം ക്ലാസ്മുറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസ് കെട്ടിടത്തിന്റെ മുന്നിലാണ് ബസ് നിര്‍ത്തിയിട്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here