റമദാനായാലും നോമ്പ് കാലമാണെങ്കിലും മലപ്പുറത്തുകാരുടെ ഖല്‍ബിനുള്ളിലാണ് ഫുഡ്്‌ബോള്‍… കളികാണാന്‍ ആളുണ്ടാകുമോ എന്ന് സംശയത്തിന് മറുപടിയായി സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് മലപ്പുറത്ത് സംഘടിപ്പിച്ചപ്പോള്‍ രാജസ്ഥാനെതിരെ അഞ്ചടിച്ച് വിജയം നേടിയ മത്സരത്തിന് സാക്ഷിയാകാനെത്തിയത് 28,319 ആരാധകരാണ്. അതേ പോലെ തന്നെ നോമ്പ് കാലത്ത് സ്റ്റേഡിയത്തില്‍ വച്ചു തന്നെ നോമ്പ് തുറക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറലാണ്.
നോമ്പടുത്ത് വന്ന പല ആരാധകരും നോമ്പ് തുറന്നതും നമസ്‌കരിച്ചതും ഗ്യാലറിയിലിരുന്നാണ്. നേരത്തെ എത്തിയില്ലെങ്കില്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുമോ എന്ന സംശയമാണ് ഇവരെ നോമ്പ് തുറക്കും മുമ്പ് തന്നെ സ്റ്റേഡിയത്തിലെത്തിച്ചത്. അഞ്ചര മണിക്ക് തന്നെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാല്‍ പലരും നേരത്തെ എത്തി കാത്തിരിപ്പ് തുടങ്ങി.
ഇന്നലെ ബംഗാളുമായി നടന്ന കേരളത്തിന്റെ മത്സരം കാണാനെത്തിയത് 23,180 ആരാധകരാണ്. നേരത്തെ തീരുമാനിച്ച പ്രകാരം ഓണ്‍ലൈനായി ടിക്കറ്റ് എടുത്തവര്‍ ഗേറ്റ് നാലിലൂടെ പ്രവേശിച്ചതിനാല്‍ ഇന്നലെ പൊതുവെ അനിഷ്ട സംഭവങ്ങള്‍ കുറവായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റ് എടുത്തവര്‍ക്ക് പ്രത്യേക പ്രവേശന കവാടങ്ങളില്ലാത്തതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
വിഷുവിന് കൊന്നപ്പൂവ് പൂത്ത് നില്‍ക്കുന്നത് പോലെ ഗ്യാലറി നിറഞ്ഞത് മലപ്പുറത്തിന്റെ football ഫുട്‌ബോള്‍ ആവേശത്തിന്റെ തെളിവായി. ആരാധകര്‍ ചേര്‍ന്നുള്ള മെകസിക്കന്‍ തിരമാലകള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയായി മാറി. ഫ്ലാഷ് ലൈറ്റുകള്‍ കൊണ്ടുള്ള വിസ്മയം ദൃശ്യമനോഹാരിത ഒരുക്കി. ഉത്സവ ലഹരിയില്‍ ആറാടുകയായിരുന്നു യഥാര്‍ഥത്തില്‍ മലപ്പുറത്തെ ജനങ്ങള്‍. മഞ്ഞ ജേഴ്സിയില്‍ കേരളം ഗാള്‍മുഖത്തെത്തുമ്പോള്‍ ആര്‍പ്പുവിളികള്‍ സ്റ്റേഡിയത്തെ ഇളക്കി മറിച്ചു. പല അവസരങ്ങളും കളഞ്ഞു കുളിച്ചെങ്കിലും ആദ്യപകുതി ഒട്ടും വിരസമായിരുന്നില്ല.
ബംഗാള്‍ ഗോളിയുടെ മിന്നും സേവുകളെ കയ്യടികളോടെ വരവേറ്റ് പ്രതിഭകളെ അനുമോദിക്കുന്നതിനും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കാണികള്‍ തെളിയിച്ചു. രണ്ടാം പകുതി അതിലേറെ മനോഹരമായി. സമനിലയിലേക്ക് പോകുമെന്ന് തോന്നിയ മത്സരത്തില്‍ ആദ്യ ഗോള്‍ വീണതോടെ ആവേശം അണപൊട്ടിയൊഴുകി. വിജയമുറപ്പിച്ച ആഹ്ലാദത്തിനിടെ മലപ്പുറത്തുകാരന്‍ കൂടിയായ യുവതാരം ജെസിന്‍ കൂടി ഗോള്‍ നേടിയതോടെ ആരാധകരുടെ ആവേശം ടോപ്പ് ഗിയറിലേക്ക് എത്തി. മേഘാലയക്കെതിരായ നാളത്തെ മത്സരത്തിലും ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്. അതേ.. ഈ നാട് ഇങ്ങനെയാണ്, ഒന്ന് ചെവിയോര്‍ത്താല്‍ തുകല്‍ പന്തിന്റെ താളം കേള്‍ക്കാം. അത് മുഴങ്ങുന്നത് ഓരോ മലപ്പുറത്തുകാരന്റെയും നെഞ്ചിനുള്ളിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.