Srilanka: ലങ്കയില്‍ പ്രക്ഷോഭകര്‍ക്കുനേരെ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍(srilanka) ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പൊലീസ്. ഒരാള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരം. തെക്കുപടിഞ്ഞാറന്‍ പ്രദേശമായ രമ്പുക്കാനയിലാണ് വെടിവെയ്പ്പുണ്ടായത്. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആഴ്ചകളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ പ്രക്ഷോഭകര്‍ക്ക്‌നേരെ വെടിയുതിര്‍ക്കുന്നത് ആദ്യം.

ചൊവ്വാഴ്ചയും ലങ്കയില്‍ സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനവില വര്‍ധിപ്പിച്ചു. റെയില്‍പാതയില്‍ തടസ്സം സൃഷ്ടിച്ചതോടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. കല്ലെറിഞ്ഞതോടെയാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ അവകാശവാദം. ഇന്ധന ടാങ്കിന് തീയിടാനും വാഹനങ്ങള്‍ കത്തിക്കാനും പ്രക്ഷോഭകര്‍ ശ്രമിച്ചെന്ന് പൊലീസ് വക്താവ് പറഞ്ഞു. കൊളംബോയില്‍ പ്രസിഡന്റിന്റെ വസതിക്കു സമീപം ടെന്റ് കെട്ടി പ്രതിപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്.

അതേസമയം, ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കുന്ന ഭരണഘടനയുടെ 19-ാം ഭേദഗതി പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്സെ(mahinda rajapaksa). പുതിയ 17 അംഗ മന്ത്രിസഭ അധികാരമേറ്റശേഷം ചൊവ്വാഴ്ച പാര്‍ലമെന്റ് ചേര്‍ന്നിരുന്നു. രാജ്യത്ത് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണഘടനാ മാറ്റം വേണമെന്ന് മഹിന്ദ പറഞ്ഞു. പാര്‍ലമെന്റിന് പരമാധികാരം നല്‍കുന്ന 19എ ഭേദഗതി 2015ല്‍ ആണ് കൊണ്ടുവന്നത്. എന്നാല്‍, 2019ല്‍ ഗോതബായ രജപക്സെ അധികാരത്തില്‍ വന്നതോടെ ഇത് തള്ളി 20–ാം ഭേദഗതി പ്രകാരം പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. 19–ാം ഭേദഗതി പുനഃസ്ഥാപിക്കാനുള്ള നിര്‍ദേശത്തെ മുന്‍ പ്രധാനമന്ത്രിയും യുണൈറ്റഡ് നാഷണല്‍ പാര്‍ടി നേതാവുമായ റനില്‍ വിക്രമസിംഗെ പിന്തുണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News