(Brinda Karat)ബൃന്ദ കാരാട്ട് ഉയര്‍ത്തിപ്പിടിച്ചത് ജനാധിപത്യവും മതേതരത്വവും; സന്ദീപ് ദാസ്

ജഹാംഗീര്‍പുരിയില്‍ (Jahangirpur) സുപ്രീംകോടതി ( supreme court ) സ്റ്റേ വകവെക്കാതെ ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം പൊളിക്കുന്നത് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ( Brinda Karat ) നേരിട്ടെത്തി തടഞ്ഞത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. നിരവധി പ്രമുഖരാണ് ബൃന്ദ കാരാട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ സന്ദീപ് ദാസ് പങ്കു വെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ബൃന്ദയ്ക്ക് പറയാനുണ്ടായിരുന്നത് സഹിഷ്ണുതയുടെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയമായിരുന്നെന്നും അവര്‍ ഉയര്‍ത്തിപ്പിടിച്ചത് ജനാധിപത്യവും മതേതരത്വവും ആയിരുന്നെന്നുമാണ് സന്ദീപ് ദാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഡെല്‍ഹിയിലെ ബുള്‍ഡോസറുകള്‍ക്കുമുന്നില്‍ ചങ്കുറപ്പോടെ നില്‍ക്കുന്ന ബൃന്ദ കാരാട്ടിന്റെ ചിത്രത്തിനുനേരെ കാവിപ്പട പരിഹാസം ചൊരിയുന്നുണ്ട്. ഇതാണ് അവരുടെ വാദം-
”സുപ്രീംകോടതി പറഞ്ഞിട്ടുപോലും ഞങ്ങള്‍ കെട്ടിടം പൊളിക്കല്‍ നിര്‍ത്തിയിട്ടില്ല. പിന്നെയല്ലേ ഈ കനല്‍ത്തരി…!”
ആ വാക്കുകളിലെ ധാര്‍ഷ്ട്യം ശ്രദ്ധിക്കണം. ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ ബഹുമാനിക്കാന്‍ സൗകര്യമില്ല എന്ന് പരസ്യമായി വെല്ലുവിളിക്കുകയാണ്!

മിത്രങ്ങള്‍ അങ്ങനെയാണ്. അവര്‍ക്ക് കോടതികളോട് താത്പര്യമില്ല. പ്രജകള്‍ രാജാവിന്റെ കാല്‍ തൊട്ട് വണങ്ങുന്ന ഫ്യൂഡല്‍ കാലഘട്ടം തിരിച്ചുവരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ഭരണഘടനയേക്കാള്‍ പ്രാധാന്യം മനുസ്മൃതിയ്ക്ക് കല്‍പ്പിച്ചുകൊടുക്കുന്നവരാണ് ഫാസിസ്റ്റുകള്‍. ജനാധിപത്യം എന്ന വാക്കിന്റെ അര്‍ത്ഥം അവര്‍ക്കറിയില്ല. ഇത്തരക്കാര്‍ ആധുനിക ലോകത്തിന് ഒരു ബാദ്ധ്യതയാണ്.

ഡെല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ നശിപ്പിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിരുന്നു. എന്നിട്ടും ഒമ്പത് ബുള്‍ഡോസറുകളാണ് ആ പ്രദേശത്ത് വേട്ടയ്ക്കിറങ്ങിയത്. അതും അവിടത്തെ താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ!
സ്വന്തം വീടുകളും കടകളും പൊട്ടിത്തകരുന്നത് കണ്ട സാധുക്കള്‍ വിലപിക്കുകയും യാചിക്കുകയും ചെയ്തു. ദുഷ്ടനായ രാജാവ് പ്രജകള്‍ക്കുമേല്‍ തന്റെ ഇംഗിതം നടപ്പിലാക്കുന്നത് പോലുള്ള ഒരു രംഗം!
ശരിക്കും ആ ബുള്‍ഡോസര്‍ ഒരു പ്രതീകമായിരുന്നു. ഇഷ്ടമില്ലാത്തതിനെയെല്ലാം ഇടിച്ചുനിരത്തുന്ന സമകാലീന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതീകം!

അവിടേയ്ക്കാണ് സഖാവ് ബൃന്ദ കാരാട്ട് കടന്നുവന്നത്.
ബൃന്ദയുടെ കൈവശം സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പുണ്ടായിരുന്നു.
അവര്‍ ഉയര്‍ത്തിപ്പിടിച്ചത് ജനാധിപത്യവും മതേതരത്വവും ആയിരുന്നു.
ബൃന്ദയ്ക്ക് പറയാനുണ്ടായിരുന്നത് സഹിഷ്ണുതയുടെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയമായിരുന്നു.
ഫാസിസ്റ്റുകളുടെ മര്‍ക്കടമുഷ്ടിയോട് സന്ധി ചെയ്യാന്‍ ബൃന്ദ ഒരുക്കമായിരുന്നില്ല. എന്റെ നെഞ്ചിലൂടെ ബുള്‍ഡോസര്‍ ഓടിച്ചാലും ഞാന്‍ പിന്തിരിയില്ല എന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. അങ്ങനെയാണ് ജഹാംഗീര്‍പുരിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത്.
ബൃന്ദയുടെ വാക്കുകള്‍ നോക്കൂ-
”നമ്മള്‍ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കാം. നമ്മുടെ വാസസ്ഥലങ്ങളും മതങ്ങളും സംസ്‌കാരങ്ങളും വ്യത്യസ്തമായിരിക്കാം. പക്ഷേ നമ്മളെല്ലാവരെയും ഒന്നിച്ചുനിര്‍ത്തുന്ന ഒരു സംഗതിയുണ്ട്-ഇന്ത്യന്‍ ഭരണഘടന…”
”ജഹാംഗീര്‍പുരിയില്‍ തകര്‍ക്കപ്പെട്ടത് കൊച്ചുവീടുകളും ഷെഡ്ഡുകളും മാത്രമല്ല ; ഭരണഘടന കൂടിയാണ്…!”

ഇതാണ് യഥാര്‍ത്ഥ ദേശീയത. ഇതാണ് ആധുനികതയും ജനാധിപത്യബോധവും. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ മടങ്ങിവരവ് സ്വപ്നം കണ്ടുകഴിയുന്ന മിത്രങ്ങള്‍ക്ക് ബൃന്ദയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുടെ ആഴവും പരപ്പും മനസ്സിലാക്കാനാവില്ല.
കനല്‍ ഒരു തരി മതി എന്ന് വെറുതെ പറയുന്നതല്ല.
ജഹാംഗീര്‍പുരിയില്‍ ആയിരത്തിലേറെ പൊലീസുകാരാണ് ഉണ്ടായിരുന്നത്.

പാരാമിലിറ്ററി ഫോഴ്‌സിന്റെ സാന്നിദ്ധ്യം അതിനുപുറമെയായിരുന്നു.
കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു ഡ്രോണ്‍ വരെ സ്ഥാപിച്ചിരുന്നു.
വെറുപ്പിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം ആയിരം ഫണങ്ങളും നിവര്‍ത്തിനില്‍ക്കുകയായിരുന്നു.
പ്രതിഷേധിച്ചവര്‍ ലാത്തിയടിയുടെ വേദനമൂലം പുളഞ്ഞിരുന്നു.
പക്ഷേ ഇടതുപക്ഷത്തെയും ബൃന്ദ കാരാട്ടിനെയും പരാജയപ്പെടുത്താന്‍ ആ സന്നാഹങ്ങളൊന്നും പോരാതെ വന്നു.
ഇത് വെറുമൊരു കനലല്ല. സകല അനീതികളെയും ചാമ്പലാക്കാന്‍ പോന്ന അഗ്‌നി തന്നെയാണ്. വെളിച്ചത്തിനുനേരെ പാഞ്ഞടുക്കുന്ന ഈയാംപാറ്റകളുടെ വേഷം കെട്ടാതിരിക്കുന്നതാണ് ബുദ്ധി…!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News