Lakshadweep: ലക്ഷദ്വീപ് കലക്ടര്‍ക്ക് ജാവോ പറഞ്ഞ് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് (Lakshadweep)കലക്ടര്‍ എസ് അസ്‌കര്‍ അലിയെ(S Askar Ali) സ്ഥലം മാറ്റിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുല്‍ത്താന(Aisha Sulthana) . ദ്വീപ് നിവാസികളെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ടു നിന്ന കലക്ടര്‍ക്ക് ലക്ഷദ്വീപില്‍ നിന്നും എന്നെന്നേക്കുമായി ജാവോ എന്നായിരുന്നു ഫേസ്ബുക്കില്‍ ഐഷയുടെ പ്രതികരണം. കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് എസ് അസ്‌കര്‍ അലിയേയും സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് പകരമായി സലോനി റോയ്, രാകേഷ് മിന്‍ഹാസ് എന്നിവര്‍ക്കാണ് പകരം ചുമതല.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗമായി നിന്നുകൊണ്ട് വിവാദ നിയമങ്ങള്‍ നടപ്പാക്കിയ കലക്ടറായിരുന്നു അസ്‌കര്‍ അലി. പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പരസ്യമായി പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ടത് അസ്‌കര്‍ അലിയായിരുന്നു. ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഭരണകൂടത്തിന്റെ നടപടികള്‍ എന്നായിരുന്നു അസ്‌കര്‍ അലി വിവാദ നിയമനിര്‍മ്മാണങ്ങളെ ന്യായീകരിച്ചത്.

മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു പ്രദേശങ്ങളുടെ ചുമതലയിലേക്കാണ് അസ്‌കര്‍ അലിക്ക് മാറ്റം നല്‍കിയത്. അസ്‌കര്‍ അലിക്ക് പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ സച്ചിന്‍ ശര്‍മ്മയ്ക്കും അമിത് വര്‍മ്മയ്ക്കും സ്ഥലം മാറ്റമുണ്ട്. ഇവരെ ഡല്‍ഹിയുടെ ചുമതലയിലേക്കാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി ദാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി ദ്വീപുകളില്‍ നിന്നുള്ള വിഎസ് ഹരീശ്വര്‍ ചുമതലയേല്‍ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here