jahangirpuri : സുപ്രീംകോടതി ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി

സുപ്രീംകോടതി ( Suprme court ) ഉത്തരവിന്റെ പ്രതീക്ഷയിലും പ്രതിഷേധവുമായി ജഹാംഗീര്‍ പുരി (jahangirpuri). തകര്‍ക്കപ്പെട്ട ജീവിതത്തിന് നഷ്ടപരിഹാരം വേണമെന്ന ആവസ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്. കോടതി ഉത്തരവിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം നടത്തിയ സന്ദര്‍ശനത്തിന് തടസം നിന്ന പൊലീസ് നടപടിയും ചര്‍ച്ചയാകുന്നുണ്ട്.

വലിയ പോലീസ് ( Police )സന്നാഹം ജഹാംഗീര്‍ പുരിയില്‍ രാവിലെ തന്നെ അണിനിരന്നിരുന്നു. കേന്ദ്രസേനയും സായുധരായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവുകളെ മറികടക്കാന്‍ മടിയില്ലാത്തവര്‍ ഇന്നും പൊളിക്കല്‍ തുടരുമോ എന്ന സംശയത്തിന്റെ അന്തരീക്ഷം. തലേ ദിവസം മുതല്‍ തമ്പടിച്ച് കാത്ത് കിടക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുഖത്തും ഗൗരവം മാത്രമാണ്.

കോടതിയില്‍ വാദം ആരംഭിച്ചതോടെ ജഹാംഗീര്‍ പുരിയിലും അതിന്റെ അനുരണനം പ്രകടമായി. ഒടുവില്‍, ബുള്‍ഡോസറുകള്‍ ഉയര്‍ത്തിയ ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞു. പക്ഷേ, കോടതി ഉത്തരവ് മറികടന്നും തകര്‍ക്കപ്പെട്ട ജീവിതത്തിന് ആര് സമാധാനം പറയുമെന്ന ചോദ്യം മാത്രമാണ് ബാക്കിയായുള്ളത്.

തകര്‍ക്കപ്പെട്ട കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ജഹാംഗീര്‍ പുരിയുടെ ആവശ്യം. ഒപ്പം ഇനിയും ബുള്‍ഡോസറുകളുമായി വരരുതേ എന്ന അപേക്ഷയും. കോടതി ഉത്തരവിന് ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശന ശ്രമം. കോണ്‍ഗ്രസ് സംഘത്തില്‍ ആളുകള്‍ കൂടുതലാണെന്ന കാരണം പറഞ്ഞ് പോലീസ് അനുമതി നിഷേധിച്ചു. ഒടുവില്‍, മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ പ്രതിഷേധം പറഞ്ഞവസാനിപ്പിച്ച് നേതാക്കള്‍ മടങ്ങി.

അതേസമയം ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വിലക്ക് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. മേയറിന് സ്റ്റേ ഓർഡർ അറിയിപ്പ് ലഭിച്ചിട്ടും പൊളിച്ചത് ഗൗരവതരമെന്നും കോർപറേഷൻ സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിരായ ഹർജി ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം .ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ നടപടി ഏകപക്ഷീയമാണെന്നാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലെ വാദം.

ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് പതിനാല് ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല.

ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ അന്തിമവാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് കേസില്‍ വിശദമായ വാദം കേള്‍ക്കുക.

തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിട്ടും പൊളിക്കല്‍ തുടര്‍ന്നത് അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും, കപില്‍ സിബലും, ദുഷ്യന്ത് ദാവേയുമാണ് ഹര്‍ജിക്കാര്‍ക്കായി ഹാജരാകുന്നത്.

മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പൊളിച്ച് നീക്കലിനെതിരായ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജഹാംഗീർപുരിയിൽ സുരക്ഷ ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here