ചെറുന്നിയൂർ ശശിധരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

അഭിഭാഷകൻ അഡ്വ. ചെറുന്നിയൂർ ശശിധരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.വി.എസ്.അച്യുതാനന്ദന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളിൽ നിയമോപദേഷ്ടാവായിരുന്നു. ഭരണപരിഷ്ക്കാര കമ്മിഷന്റെ ലീഗല്‍ കൺസൺസൾട്ടന്റായും പ്രവർത്തിച്ചിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കേയാണ് അന്ത്യം. സംസ്ഥാന വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മിഷണർ, കാർഷികാദായ വിൽപ്പന നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്കു ശാന്തികവാടത്തിൽ. ഭാര്യ: സീതാദേവി (പരേത). മക്കൾ: ബിന്ദു, ഉണ്ണികൃഷ്ണൻ( വിജിലൻസ് കോടതി പബ്ലിക് പ്രോസിക്യൂട്ടർ)

1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻനായരുടേയും ജൂനിയർ ആയാണ് തിരുവനന്തപുരത്തെ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ചത്. വർക്കലയിലെ ചെറുന്നിയൂരിൽ ജനിച്ച ശശിധരൻനായരുടെ പ്രാഥമിക വിദ്യാഭ്യാസം ചെറുന്നിയൂർ ഗവ.സ്കൂളിലും  ശിവഗിരി സ്കൂളിലുമായിരുന്നു. തുടർന്ന്, കൊല്ലം ഫാത്തിമമാതാ കോളജ്, എംജി കോളജ്, ലോ കോളജ്, ലോ അക്കാദമി എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടി. 1970ൽ വഞ്ചിയൂരിൽ ചെറുന്നിയൂർ ലോ സെന്റർ എന്ന സ്ഥാപനം ആരംഭിച്ചു.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിയമപോരാട്ടങ്ങളില്‍ എക്കാലവും മുന്നില്‍ നിന്ന് പോരാടിയ നിയമഞ്ജനായിരുന്നു അഡ്വ ചെറുന്നിയൂര്‍ ശശിധരന്‍ നായരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ അഭിഭാഷകവൃത്തിയെ കണക്കാക്കിയ അദ്ദേഹം കേരളത്തിലെ പ്രധാനപ്പെട്ട പല നിയമ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷും അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News