Brinda Karat: ജഹാംഗീര്‍പുരിയിലെ ബൃന്ദ കാരാട്ടിന്റെ ചിത്രങ്ങള്‍ വരച്ച് കലാകാരന്‍മാര്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹനുമാന്‍ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിനെ(Brinda Karat) പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ(Social media). കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവത്തിന് ശേഷം വിവിധ കലാകാരന്‍മാര്‍ സംഭവസ്ഥലത്ത് നില്‍ക്കുന്ന ബൃന്ദ കാരാട്ടിന്റെ ചിത്രങ്ങള്‍ ഭാവനയില്‍ വരയ്ക്കുകയും ഇത് സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. അത്തരത്തില്‍ വരയ്ക്കപ്പെട്ട ബൃന്ദ കാരാട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദേശാഭിമാനി അസിസ്റ്റന്‍ഡ് എഡിറ്റര്‍ സജിത്ത് സുബ്രഹ്മണ്യന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിനോടൊപ്പമാണ് സജിത്ത്, കലാകാരന്‍മാര്‍ വരച്ച ബൃന്ദയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സജിത്ത് സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

”കാവിക്കണ്ണുള്ള കൂറ്റന്‍ ബുള്‍ഡോസറുകള്‍ക്കുമുന്നില്‍ വിരല്‍ ചൂണ്ടിനില്‍ക്കുന്ന ആ മെലിഞ്ഞ എഴുപത്തിനാലുകാരിക്കും സഖാക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്ര ചിത്രമെഴുത്തുകാരാണ് മുന്നോട്ടുവന്നത്. പരമോന്നത നീതിപീഠത്തിന്റെ ഉത്തരവിനെപ്പോലും ധിക്കരിച്ച് ജഹാംഗിര്‍പുരി ഇടിച്ചുനിരത്താന്‍ തുടങ്ങിയപ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിച്ച സംഘശക്തിക്ക് അഭിവാദ്യമര്‍പ്പിച്ചത് അറിയുന്നവരും അജ്ഞാതരുമായ കലാപ്രവര്‍ത്തകര്‍. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമായ ഇടപെടലിനോട് സര്‍ഗാത്കമായി പ്രതികരിച്ചവര്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍. ആദ്യ ചിത്രം ദേശാഭിമാനി ചീഫ് ആര്‍ടിസ്റ്റ് സനല്‍കുമാറിന്റേത്. രണ്ട്, മൂന്ന് ചിത്രങ്ങള്‍ ഷാജി സുബ്രഹ്മണ്യന്‍ എന്ന കലാകാരന്റേത്. മറ്റു ചിത്രങ്ങളുടെ രചയിതാക്കളെ അറിയില്ല. അറിയാവുന്നര്‍ കമന്റ് ചെയ്താലും..”

പൊളിച്ചുമാറ്റല്‍ നടപടി ആരംഭിച്ചത് ജഹാംഗിര്‍പുരിയിലെ സി ബ്ലോക്കിലാണ്. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായ പ്രദേശമാണത്.
.ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റല്‍ നടപടി തുടങ്ങിയത്.

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ഉത്തരവിന്റെ പകര്‍പ്പ് കൈയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് കോര്‍പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്തെത്തുകയും കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടയുകയും ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here