Mutton Mandi:കുഴി ഇല്ലാതെതന്നെ എളുപ്പത്തില്‍ ഹോട്ടലില്‍ കിട്ടുന്നതിലും രുചിയുള്ള മന്തി വീട്ടിലുണ്ടാക്കാം

മന്തിയുടെ മസാല തയാറാക്കാന്‍ ആവശ്യമുള്ള ചേരുവകള്‍

മല്ലി – ഒരു ടേബിള്‍ സ്പൂണ്‍
ജാതിക്ക – ഒന്നിന്റെ പകുതി
ഏലക്ക – 6
കുരുമുളക് – രണ്ട് ടീസ്പൂണ്‍
കറുവപ്പട്ട – ഒരു ചെറിയ കഷ്ണം
പെരുംജീരകം – ഒരു ടീസ്പൂണ്‍
നല്ല ജീരകം – അര ടീസ്പൂണ്‍
ഗ്രാമ്പു – 4 എണ്ണം
തക്കോലം – ഒന്നിന്റെ പകുതി
വഴനയില – 1
വറ്റല്‍മുളക് – 3 എണ്ണം
ഉണങ്ങിയ നാരങ്ങ – 1

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചേര്‍ക്കാതെ മസാലകള്‍ നല്ല മണം വരുന്നതുവരെ വറക്കുക. ചൂടാറുമ്പോള്‍ മിക്‌സിയിലിട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.

മന്തി തയാറാക്കാന്‍ ആവശ്യമുള്ള ചേരുവകള്‍

മട്ടന്‍ – ഒരു കിലോഗ്രാം
ബസ്മതി അരി – 2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 3 ടേബിള്‍ സ്പൂണ്‍
സവാള – 2 വലുത്
വലിയ പച്ചമുളക് – 5
തക്കാളി – 1 വലുത്
മല്ലിയില- ഒരു ടേബിള്‍ സ്പൂണ്‍
പുതിനയില – ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 6

പാചകം ചെയ്യുന്ന വിധം

മട്ടന്‍ വലിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. തയാറാക്കിയ മസാല, മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് രണ്ടു മണിക്കൂര്‍ വയ്ക്കുക. തലേദിവസം തന്നെ ഫ്രിജില്‍ വച്ചിരുന്നാല്‍ രുചി കൂടും.ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തില്‍ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ ഒരു സവാള വഴറ്റുക. സവാള ബ്രൗണ്‍ നിറമായി തുടങ്ങുമ്പോള്‍ മല്ലിയില, പുതിനയില, രണ്ടു വലിയ പച്ചമുളക് അരിഞ്ഞത്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, തക്കാളി ഇവ ചേര്‍ത്ത് വഴറ്റുക. തക്കാളി വെന്ത് ഉടയുമ്പോള്‍ മസാല പുരട്ടി വച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്ത് ഇളക്കുക. നാലു കപ്പ് തിളച്ച വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് ഒരു മണിക്കൂര്‍ വേവിക്കുക. ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം.

നന്നായി വെന്തു കഴിയുമ്പോള്‍ മട്ടന്‍ കഷ്ണങ്ങള്‍ കോരി മാറ്റുക. അധികംവരുന്ന ഗ്രേവി ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ബസ്മതി അരി കഴുകി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
രണ്ട് കപ്പ് ബസ്മതി അരി വേവിക്കാന്‍ നാല് കപ്പ് വെള്ളം ആണ് വേണ്ടത്. അരിച്ചെടുത്ത ഗ്രേവിയില്‍ ബാക്കി വെള്ളം കൂടി ചേര്‍ത്ത് 4 കപ്പ് ആക്കുക.
മന്തി തയാറാക്കാനുള്ള പാത്രത്തില്‍ മട്ടന്‍ ഗ്രേവിയും വെള്ളവും കൂടി തിളപ്പിക്കുക. മൂന്നോ നാലോ വലിയ പച്ചമുളകും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ അരി ചേര്‍ത്തു കൊടുക്കാം. അടച്ചു വച്ച് ചെറിയ തീയില്‍ 10 മുതല്‍ 12 മിനിറ്റ് വരെ വേവിക്കുക.
ഒരു ഫ്രൈ പാനില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചൂടാക്കി മട്ടന്‍ കഷ്ണങ്ങള്‍ രണ്ടുവശവും മൊരിച്ചെടുക്കുക.വെന്ത ചോറിനു മുകളില്‍ മട്ടന്‍ കഷ്ണങ്ങള്‍ നിരത്തുക.കടയില്‍ നിന്നും കിട്ടുന്ന രുചി കിട്ടാനായി ഒരു ചെറിയ പാത്രത്തില്‍ ഒരു കഷ്ണം ചാര്‍ക്കോള്‍ കത്തിച്ചു അല്‍പം എണ്ണ കൂടി ഒഴിച്ച് പുകഞ്ഞു തുടങ്ങുമ്പോള്‍ മന്തി പാത്രത്തിലേക്ക് ഇറക്കിവച്ച് പാത്രം അടയ്ക്കുക. തീ കത്തിക്കേണ്ട ആവശ്യമില്ല.
15 മിനിറ്റ് കഴിയുമ്പോള്‍ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News