CBI 5: അയ്യരെ കാണാനെത്തി നാഗവല്ലി; CBI സെറ്റിലെത്തി മമ്മൂട്ടിയോടൊപ്പം സെല്‍ഫിയെടുത്ത് ശോഭന

സിബിഐ സീരീസിലെ(CBI series)  അഞ്ചാമത്തെ ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അയ്യരെ കാണാന്‍ നാഗവല്ലി എത്തിയത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നാഗവല്ലി മീറ്റ്‌സ് സേതുരാമയ്യര്‍ എന്ന തലക്കെട്ടോടെ മമ്മൂട്ടി(Mammootty) തന്നെയാണ് ശോഭന(Shobana)  ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചത്. ശോഭന ലൊക്കേഷനില്‍ എത്തുന്നതും മമ്മൂട്ടിയും സംവിധായകന്‍ കെ.മധുവും ഉള്‍പ്പെടെയുള്ളവര്‍ ശോഭനയെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.  തുടർന്ന് ഇരുവരും ഒന്നിച്ച് കുറച്ചു നേരം ചെലവഴിച്ചതിനു ശേഷം ഭക്ഷണം കഴിച്ച് ഒരു സെൽഫിയുമെടുത്ത ശേഷമാണ് ശോഭന മടങ്ങിയത്. മമ്മൂട്ടി ശോഭനക്ക് വിളമ്പിക്കൊടുന്നതെല്ലാം വീഡിയോയിലുണ്ട്. ഇരുവരുടെയും ഹിറ്റ് ചിത്രമായ മഴയെത്തും മുന്‍പെയിലെ എന്തിനു വേറൊരു സൂര്യോദയം എന്ന പാട്ടിന്‍റെ ബിജിഎമ്മാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതിനു പിന്നാലെ എപ്പോഴാണ് ഇരുവരും ഒരുമിച്ച് വീണ്ടും അഭിനയിക്കുകയെന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സി ബി ഐ സീരിസില്‍ ശോഭന അഭിനയിക്കണമെന്ന ആവശ്യം പങ്കുവയ്ക്കുന്നവരും കുറവല്ല. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍'(Sethuramayyar) ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. അതേസമയം കഴിഞ്ഞ ദിവസം സിബിഐ 5 ന്റെ (CBI 5) റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. സിബിഐ 5 ദ് ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയറ്ററുകളില്‍ എത്തുക. പെരുന്നാള്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ റിലീസ് ഞായറാഴ്ചയാണ് എന്ന കൗതുകവുമുണ്ട്. ഒരു സിനിമയുടെ ഞായറാഴ്ചയുള്ള റിലീസ് ഏറെ അപൂര്‍വ്വമാണ്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് അണിയറക്കാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവാണ് ഈ ചിത്രം. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നതെന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി വ്യക്തമാക്കിയിട്ടുള്ളത്.

മുകേഷ്, സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ സി ബി ഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News