Putin:യുക്രൈനിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കി; പ്രഖ്യാപിച്ച് പുടിന്‍

തുറമുഖ നഗരമായ മരിയുപോളില്‍ അവസാന ഘട്ട ചെറുത്തുനില്‍പ്പുമായി യുക്രൈന്‍ സൈന്യം. ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്ത തുടര്‍ന്ന് മരിയുപോള്‍ കീഴടങ്ങിയതായും റഷ്യ അവകാശപ്പെട്ടു. യുക്രൈനിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസാണ് അടുത്ത ലക്ഷ്യമെന്നും പുടിന്‍ വ്യക്തമാക്കി.

എന്നാല്‍, മരിയുപോള്‍ നഗരത്തിലെ അസോവ്സ്റ്റാള്‍ ഉരുക്കുവ്യവസായശാലയില്‍ രണ്ടായിരത്തോളം യുക്രൈന്‍ ഭടന്മാരുണ്ടെന്നും അവരെ നേരിടാന്‍ റഷ്യ മടിക്കുന്നത് കനത്ത തിരിച്ചടി ഭയന്നാണെന്നുമായിരുന്നു യുക്രൈനിന്റെ പ്രതികരണം. റഷ്യയുടെ യുക്രൈന്‍ അക്രമണം അമ്പത്തിയേഴാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുക്രൈനിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് തങ്ങള്‍ കീഴടക്കിയതായി റഷ്യ അവകാശവാദമുന്നയിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മരിയുപോളിന്റെ ‘വിമോചന’ത്തെ പ്രശംസിച്ച് രംഗത്തെത്തി. അസോവ് കടലില്‍ മരിയുപോളിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്താല്‍ റഷ്യയുടെ തന്ത്രപരമായ വിജയമായിരിക്കും.

11 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഉരുക്കുവ്യവസായശാല ഉപരോധിച്ചിരിക്കുന്നതിനാല്‍ ബങ്കറുകളിലും തുരങ്കങ്ങളിലും കഴിയുന്ന യുക്രൈന്‍ സൈനികര്‍ വൈകാതെ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് റഷ്യ. റഷ്യയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്ക് ഉള്‍പ്പെടെ ഉപരോധം കടുപ്പിക്കാന്‍ യുഎസ് തീരുമാനിച്ചു. ഇതിനിടെ ബ്രിട്ടനും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈന് അടിയന്തര സഹായമായി 50 കോടി ഡോളര്‍ കൂടി നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു. കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും നല്‍കാന്‍ ഡെന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളില്‍ ഒട്ടേറെപ്പേര്‍ നഗരം വിട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News