
റവന്യൂ വകുപ്പിന്റെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ ഭൂമിയും റിസോര്‍ട്ടും പാട്ടത്തിന് നല്‍കി കബളിപ്പിച്ചുവെന്ന പരാതിയില്‍ നടന്‍ ബാബു രാജിനെതിരെ അടിമാലി പൊലീസ് കേസെടുത്തു. കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ കുമാറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ബാബു രാജ് തന്നില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വ്യവസായിയുടെ ആരോപണം.
നടന്‍ ബാബു രാജിന്റെ കൈവശമുള്ള മൂന്നാര്‍ കമ്പിലൈനിലെ വൈറ്റ് മിസ്റ്റി മൗണ്ടന്‍ റിസോര്‍ട്ട് പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ബാബു രാജും അരുണ്‍കുമാറും പാട്ടകരാറില്‍ ഒപ്പുവക്കുന്നത്. നാല്‍പത് ലക്ഷം രൂപ കരുതല്‍ നിക്ഷേപവും മൂന്ന് ലക്ഷം രൂപ പ്രതിമാസ വാടക എന്നതായിരുന്നു വ്യവസ്ഥ. ഇത് അനുസരിച്ച് 40 ലക്ഷം രൂപ അരുണ്‍ കുമാര്‍ ബാബു രാജിന് നല്‍കി. എന്നാല്‍ റവന്യു വകുപ്പ് കൈയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട കെട്ടിടമാണ് തനിക്ക് ബാബു രാജ് നല്‍കിയതെന്ന് വൈകിയാണ് താന്‍ മനസിലാക്കിയതെന്നാണ് അരുണ്‍ കുമാര്‍ പറയുന്നത്.
സംഭവത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ബാബു രാജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് തവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ബാബു രാജ് എത്തിയിരുന്നില്ല. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ബാബു രാജിന്റെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here