INDIA – UK : ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും

ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യൻ മാർക്കറ്റ് തുറന്നിടാൻ മോദി- ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ തീരുമാനം.( INDIA ) ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് നരേന്ദ്ര മോദി. പ്രതിരോധ, വാണിജ്യ വിഷയങ്ങളിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.

ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യൻ മാർക്കറ്റിൽ വലിയ അവസരങ്ങൾ തുറന്നിടുന്നതായി നരേന്ദ്ര മോദി- ബോറിസ് ജോൺസൺ (Boris Johnson) കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ആയിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം.

പ്രതിരോധം, വ്യാപാരം, ക്ലീൻ എനർജി എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണം ഊട്ടി ഉറപ്പിക്കാനും രണ്ട് പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്.

ബ്രിട്ടനിൽ നിന്ന് ഇന്ത്യക്ക് പ്രതിരോധ സാമഗ്രികൾ എളുപ്പത്തിൽ വാങ്ങിയെടുക്കാൻ ഓപ്പൺ ജനറൽ എക്സ്പോർട്ട് ലൈസൻസ് പുറത്തിറക്കുമെന്നും ബ്രിട്ടൺ അറിയിച്ചു. ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതിക സഹായം നൽകാമെന്ന് ബോറിസ് ജോൺസൺ നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാൻ, ശ്രീലങ്ക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയായിട്ടുണ്ട് എന്നാണ് വിവരം.

യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ നടന്ന കൂടിക്കാഴ്ചയിൽ റഷ്യയുമായുള്ള ഇന്ത്യൻ ബന്ധം വിമർശിക്കപ്പെടും എന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും നടത്തിയ വാർത്താ സമ്മേളനത്തിൽ അത് നിഴലിച്ചില്ല.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- യുകെ റോഡ്മാപ്പ് 2030ൽ ലക്ഷ്യം വയ്ക്കുന്നത് പോലെ ഇന്ത്യയും ബ്രിട്ടനുമായുള്ള വ്യാപാരം ഇരട്ടിയാക്കാൻ വിദേശകാര്യമന്ത്രി ജയശങ്കറുമായുള്ള ചർച്ചയിൽ തീരുമാനമായി.

രാവിലെ രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നൽകിയ ഔപചാരിക സ്വീകരണം ഏറ്റുവാങ്ങിയ ബോറിസ് ജോൺസൺ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അന്തിയുറങ്ങുന്ന രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here