അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ ജീവിതങ്ങളും; മോദി ഭരണകൂടവും!!

രാജ്യത്ത് ബുൾഡോസറുകളുടെ ഇരമ്പൽ മുഴങ്ങി കേൾക്കുകയാണ്. കൊന്നും കൊലവിളിച്ചും ഇടിച്ചു നിരത്തിയും ബിജെപി ഭരണകൂടം ഇന്ത്യയെ കൊല്ലാകൊല ചെയ്യുകയാണ്.  ലക്ഷ്യം ഒന്നുതന്നെ ‘ ന്യൂനപക്ഷം. ‘ അടിച്ചമർത്തുന്ന രീതികളിൽ മാത്രമേ മാറ്റമുള്ളൂ.

ഈ വർഷത്തെ ഹനുമാൻ ജയന്തിയിൽ തുടങ്ങിയ വർഗീയ സംഘർഷമാണ് ജഹാൻഗീർപുരിയിലെ ജനങ്ങളെ വേട്ടയാടികൊണ്ടിരിക്കുന്നത്. നിർത്തു എ ന്ന് പരമോന്നത നീതിപീഠം പറഞ്ഞിട്ടും കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന ദില്ലി പൊലീസ്  കേട്ടില്ല . എല്ലാത്തിനുമൊടുവിൽ ജീവനും ജീവിതവും നഷ്ടപെട്ടവരുടെ അടക്കി പിടിച്ചുള്ള വിതുമ്പൽ മാത്രമാകും ബാക്കി.

രാജ്യത്ത് വർഗീയ ശക്തികളുടെ ഇരകളാകുന്നത് പ്രധാനമായും മുസ്ലിങ്ങളും , ദളിത് വിഭാഗത്തിൽപ്പെട്ടവരുമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുപ്പതിലധികം കൊലപാതകങ്ങളും എൺപതിലധികം അതിക്രമങ്ങളുമാണ് ന്യൂനപക്ഷത്തിനെതിരെ ഗോരക്ഷാസംഘങ്ങൾ നടത്തിയത് . ഒടുവിൽ പൊറുതി മുട്ടിയപ്പോൾ ഗോരക്ഷാസംഘങ്ങളെ നിരോധിക്കണമെന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്നതും നാം കണ്ടതാണ് . എന്നിട്ടും ബിജെപിക്കും അവരുടെ ഫാസിസ്റ്റ് നയങ്ങൾക്കും ന്യൂനപക്ഷത്തോടുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ല എന്നതാണ് ജീവനുള്ള സത്യം.

ഇന്നും ന്യൂനപക്ഷ അതിക്രമങ്ങൾ എന്താണെന്നും എങ്ങനെ തുടങ്ങുന്നുവെന്നും അവബോധമില്ലാതെ ചുറ്റും നടക്കുന്ന കെടുകാര്യസ്ഥതയെ കണ്ടില്ലെന്ന് നടിക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിൽ തന്നെയുണ്ട്. ഇത് ഭാവിയിൽ ഉണ്ടാക്കുന്ന വിപത്ത് നികത്താനാവുന്നതല്ല. ഒരു ന്യൂനപക്ഷ സമുദായത്തിലോ അടിസ്ഥാന ജനവിഭാഗത്തിലോപ്പെട്ടവർക്ക് കടയിൽ നിന്നും സാധനം നൽകാതെയും ക്ഷേത്രത്തിനുള്ളിൽ അനുമതി നിഷേധിക്കുന്നതും തുടങ്ങി നിത്യജീവിതത്തിൽ നിസാരമെന്ന് തോന്നുന്ന തരത്തിൽ മാധ്യമങ്ങൾ അടക്കം ഇത്തരം സംഭവങ്ങളെ തള്ളി കളയുന്നത് വലിയ അപകടമാണ്.

ഇങ്ങനെ കുറച്ചുകാണിച്ചും മറച്ചുപിടിച്ചും മാധ്യമങ്ങൾ കാണിച്ച ഇരട്ടത്താപ്പാണ് ബുൾഡോസറുകളായി മതേതര ഇന്ത്യയിൽ മുഴച്ചു നിൽക്കുന്നത്.

Dramatic increase in demand for bulldozers. Are we increasing domestic capacity for manufacturing or will we have to depend on imports?? #JustAsking. 😝😝😂😂

— Navika Kumar (@navikakumar) April 20, 2022

ബുൾഡോസർ പ്രയോഗത്തെ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. ഇന്ത്യയിൽ ബുള്ഡോസറുകൾ തികയില്ല ഇനിയും ഇറക്കുമതി ചെയ്യേണ്ടി വരുമോ എന്ന് ചോദിക്കുന്ന മാധ്യമപ്രവർത്തകയുടെ ട്വീറ്റ്, നാലാം തൂണിന്റെ അധഃ പതനത്തിന്‍റെ നേർക്കാഴ്ചയാണ്.

നരേന്ദ്ര മോഡിയുടെ തുടര്‍ഭരണത്തോടെ എൻ ഡി എ സർക്കാർ ഏഴു വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ജനാധിപത്യം പൂർണമായും അപകടത്തിലായിരിക്കുയാണ് .വർഗീയത പുലമ്പിയും വെട്ടി നിരത്തിയും മോഡി ഭരണകൂടം ബുൾഡോസറുമായി നിരത്തിലിറങ്ങിയിരിക്കുകയാണ്. ഇത് ഒരിക്കലും പുതിയ രീതിയല്ല, ഇന്ത്യയുടെ ബഹുസ്വരതയേയും നീതിയെയും, തുല്യതാവകാശ ബോധത്തെയും ഇല്ലാതാകാൻ കൃത്യമായ ആസൂത്രണത്തോടെ വർഗീയ വാദികൾ നേരത്തെയും നടപ്പിലാക്കിയതാണ്.

പൗരത്വ പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്ന സമയത്ത് ഉത്തർപ്രദേശിൽ യോഗി ബുൾഡോസർ പ്രയോഗം നടത്തിയിരുന്നു . പിന്നീട് മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്തി എന്നാരോപിച്ച് ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്യാനും ബുൾഡോസറുകളെ കൊണ്ടുവന്നു . ഇപ്പോൾ ജഹാൻഗീർ പുരിയിലും യാതൊരു മുന്നറിയിപ്പുമില്ലാതെ വീടുകൾ ഇടിച്ചു നിരത്തിയിരിക്കുകയാണ്.

ഇഷ്ടമില്ലാത്തവരെ നേരം വെളുക്കും മുൻപ് ഇല്ലാതാക്കുക, ആളുകളിൽ ഭീതി പടർത്തുക, ഇതിനായി മുസ്ലീങ്ങളെ സവിശേഷമായി ഫോക്കസ് ചെയ്ത് അവരോട് ചേർന്ന് നിൽക്കുന്ന പാഴ്‌സി, സിക്ക് , ജൈനർ തുടങ്ങീയ മറ്റ് വിഭാഗക്കാരുടെ ഉള്ളിൽ ഭയം കുത്തിനിറക്കുകയും ഇവരെ ചേർത്ത് നിർത്തിയാൽ ഇതാണ് നിങ്ങളുടെയും അവസ്ഥയെന്ന് പറയാതെ പറയുകയാണ് ബിജെപി.

ന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്തും പാകിസ്ഥാനിലേക്ക് നാടുകടത്തുമെന്ന് ആക്രോശിച്ചും ഭീഷണികൾ ഇന്നും തുടരുകയാണ്. വർഗീയ അതിക്രമങ്ങൾ, കലാപങ്ങൾ എന്നിങ്ങനെ ഒന്നൊന്നായി പ്രയോഗിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ്. നിരപരാധികളായ മുസ്ലിങ്ങളെ ഭീകരാക്രമണ കേസുകളിൽ പ്രതിചേർത്ത് പീഡിപ്പിക്കുകയാണ്. ഇതാണ് സമകാലിക ഇന്ത്യ .

ഈ സാഹചര്യത്തിൽ നെഹ്റുവിന്റെ വാക്കുകളാണ് ഓർമ വരുന്നത് ‘മതനിരപേക്ഷത വിജയിക്കുന്നോ എന്നറിയാൻ ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നു എന്നല്ല, ന്യൂനപക്ഷത്തിന് എന്ത് തോന്നുന്നു എന്നാണ് നോക്കേണ്ടത്’ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രസക്തമായ ചോദ്യവും ഇത് തന്നെയാണ്.

ആം ആദ്മിയും കോൺഗ്രസ്സും ജഹാൻഗീർ പുരിയിലെ ജനങ്ങൾക്ക് മുൻപിൽ മൗനം പാലിച്ച് വർഗീയ ഭരണ കൂടത്തിന് വളമായി ജനങ്ങളെ വേർതിരിക്കുകയാണ് , അടിച്ചമർത്തുകയാണ്, കടന്നാക്രമിക്കുകയാണ്. ബുൾഡോസർ മാമയും ബുൾഡോസർ ബാവയും നാട് ഭരിക്കുമ്പോൾ ഭയമില്ല പോരാട്ടമാണ് വേണ്ടത്.

ബുൾഡോസ് ചെയ്തിട്ടും പതറാതെ അടിയുറച്ചു നിന്ന കർഷകരെ പോലെ,

നെഞ്ചുറപ്പോടെ ബുൾഡോസറിനു മുൻപിൽ കേറിനിന്ന് അനങ്ങരുതെന്ന് പറഞ്ഞ ബൃന്ദ കാരാട്ട് എന്ന സഖാവിനെ പോലെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളും ജനാധിപത്യ ബോധമുള്ള ജനതയും ഇത്തരം അതിക്രമങ്ങൾക്കെതിരെ മുന്നോട്ട് വരിക തന്നെ വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here