
ഈ വയറും വെച്ച് നീ എങ്ങോട്ടാ? ഒരു പ്രസവമെക്കെ കഴിഞ്ഞില്ലേ..ഇനിയൊന്ന് ഒതുങ്ങിക്കൂടേ? എന്തൊരു കരുതലാണ് ഈ ആളുകള്‍ക്കെല്ലാം. തടിച്ചു, മെലിഞ്ഞു, മുടി നരച്ചു, വയസ്സായി…ഇതെല്ലാം നമ്മളേക്കാള്‍ ബാധിക്കുന്നത് മറ്റുള്ളവര്‍ക്കാണ്. ബോഡി ഷെയ്മിംഗ്(body shaming) സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു മാറാവ്യാധിയാണ്. പുരുഷന്മാരെക്കാളും ഇത് കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീക്കള്‍ക്കാണ്. ഓസ്‌കാര്‍(oscar) വേദിയില്‍ തന്റെ ഭാര്യയെ ബോഡി ഷെയിം ചെയ്ത അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ(Will Smith) പ്രതികരണത്തെ എതിര്‍ക്കാനാണ് കൂടുതല്‍ പേരും രംഗത്തെത്തിയത്. ഇതിനെല്ലാമിടയില്‍ സൗന്ദര്യമെന്നാല്‍ മെലിഞ്ഞ് വടിവൊത്ത ശരീരമല്ലെന്ന് പറയാതെ പറയുകയാണ് ലാക്‌മെ ഫാഷന്‍ വീക്കില്‍(Lakme Fashion Week) ഒരു കൂട്ടര്‍.
പ്രസവം കഴിഞ്ഞ സ്ത്രീ തന്റെ ആകാരഭംഗി നഷ്ടപ്പെട്ട, പാടുകളുള്ള വയര്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ റാംപ് വോക്ക് ചെയ്യുന്ന മനോഹരമായ കാഴ്ച ലാക്മെ ഫാഷന്‍ വീക്കില്‍ കഴിഞ്ഞയാഴ്ച ലോകം കണ്ടു. പാടുകള്‍ ഇല്ലാത്ത അഴകളവുകള്‍ അല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും എല്ലാവര്‍ക്കും റാംപിലേക്കിറങ്ങാമെന്നും തെളിയിക്കുകയാണ് ഈ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി. സമാനമായ പാടുകളുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളാണ് ഇവിടെ സൗന്ദര്യം. ലാക്മെ ഫാഷന്‍ വീക്ക്, ഫാഷന്‍ ലോകത്ത് മറ്റൊരു വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ഇതിനുമുന്‍പും ‘സ്ലിം ബ്യൂട്ടി’ എന്ന സ്റ്റീരിയോടൈപ്പ് കോണ്‍സെപ്റ്റ് ഈ വേദിയില്‍ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ഈ വ്യത്യസ്ത റാംപ് വോക്കിനെ കമന്റുകളിലൂടെയും മറ്റും അഭിനന്ദിച്ച് രംഗത്തെത്തിയത്.
ശരീരപ്രകൃതത്തെ പലരും നിസാരമായി കളിയാക്കുമ്പോള്‍ അത് കേള്‍ക്കേണ്ടി വരുന്നവരുടെ മാനസികസ്ഥിതി ആരും ഓര്‍ക്കുന്നില്ലെന്നതാണ് വാസ്തവം. ഒരാള്‍ തടിച്ചിരുന്നാലും മെലിഞ്ഞിരുന്നാലും അത് ചോദ്യം ചെയ്യാന്‍ മറ്റൊരാള്‍ക്കെന്തവകാശമാണുള്ളത്? ഇത്തരം പ്രാകൃതമായ ചിന്തകളും സങ്കല്പ്പങ്ങളും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാലഹരണപ്പെട്ട കാഴ്ചപ്പാടുകള്‍ എന്നും പുരോഗമനത്തെ തളര്‍ത്തിയിട്ടേ ഉള്ളൂ. അവിടെയാണ് വേറിട്ട റാംപ് വോക്കിലൂടെ ലാക്മെ ഫാഷന്‍ വീക്കില്‍ ഈ സ്ത്രീകള്‍ സൗന്ദര്യത്തിന്റെ അര്‍ത്ഥതലങ്ങള്‍ മാറ്റിമറിയ്ക്കുന്നതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here