പ്രതിപക്ഷ പ്രതിഷേധം കനത്തത്തോടെ ദില്ലിയിലെ ജഹാംഗീർപുരി (Jahangirpuri ) കനത്ത പൊലീസ് ( police ) കാവലിലായി.പ്രദേശം സന്ദർശിക്കാൻ എത്തിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെ പൊലീസ് തടഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ ( cpi ) നേതാക്കൾ ബാരിക്കേഡിന് മുന്നിൽ പ്രതിഷേധിച്ചു.
അറുപതോളം കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ജഹാംഗീർ പുരിയിലേക്ക്പുറത്തു നിന്നുള്ള ആർക്കും പൊലീസ് പ്രവേശനം അനുവദിക്കുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ എത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളെയും പൊലീസ് തടഞ്ഞു.
ജനങ്ങളോട് നേരിട്ട് സംസാരിക്കണം എന്നാവശ്യപ്പെട്ട് ജഹാംഗീർ പുരി സന്ദർശിച്ച ഡി രാജ, ആനി രാജ, ബിനോയ് വിശ്വം എംപി എന്നിവരടങ്ങിയ സിപിഐ സംഘം ബാരിക്കേഡിന് മുൻപിൽ പൊലീസുമായി തർക്കിച്ചു. സിപിഐ നേതാക്കൾ പ്രദേശ വാസികളുമായി സംവദിച്ചാൽ മതസൗഹാർദ്ദം തകരുമെന്നാണ് പൊലീസിന്റെ വാദം.പൊലീസിന്റെ ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര കമ്മിറ്റി അംഗം ആനി രാജ പറഞ്ഞു.
ബൃന്ദാ കാരാട്ടിന്റെ ശക്തമായ ചെറുത്ത് നിൽപ്പ് കാരണമാണ് ജഹാംഗീര്‍പുരി പൂർണമായും പൊളിച്ചു നീക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെടാൻ കാരണമെന്നും ബിജെപി ഫാസിസ്റ് അജണ്ട നടപ്പിലാക്കുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ട പ്രദേശത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് SFI വഹിക്കുമെന്ന് പ്രദേശം സന്ദർശിച്ച SFI അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു അറിയിച്ചു.
മുന്നൂറു പൊലീസുകാരെയാണ് ജഹാംഗീർ പുരിയിൽ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്തെ സാഹചര്യം വിലയിരുത്താൻ സി ബ്ലോക്കിൽ പൊലീസ് സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.