KGF 2: ബോക്‌സോഫീസ് തകര്‍ത്ത് ‘കെജിഎഫ് 2’; ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് നേടിയത് 250 കോടി

ദക്ഷിണേന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനിടെയാണ് മറ്റൊരു ചിത്രം കൂടി വമ്പന്‍ ഹിറ്റായി ബോളിവുഡിനെ പോലും വിസ്മയിപ്പിക്കുന്നത്.

മുമ്പെങ്ങുമില്ലാത്തവിധം കളക്ഷന്‍ റെക്കോഡുമായി ‘കെജിഎഫ് 2’ ജൈത്രയാത്ര തുടരുകയാണ്. യഷ് നായകനായ ‘കെജിഎഫ് 2’ ഹിന്ദി പതിപ്പിന് വലിയ വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റോക്കി ഭായിയുടെ പ്രകടനം കാണാന്‍ കാണികള്‍ തിയേറ്ററിലേക്ക് ഒഴുകി എത്തുകയാണ്. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍, ഹിന്ദി ബോക്‌സോഫീസില്‍ നിന്ന് മാത്രം നേടിയത് 250 കോടി രൂപയാണ് .

ഇതോടെ ഒരാഴ്ചയ്ക്കകം 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഹിന്ദി ചിത്രമായി ‘കെജിഎഫ് 2’ മാറി. ആദ്യ ആഴ്ചയില്‍ 246.50 കോടി നേടിയ ‘ബാഹുബലിയുടെ റെക്കോര്‍ഡാണ് ‘കെജിഎഫ് 2’ തകര്‍ത്തത്.

രാജമൗലി മാജിക്കില്‍ ആര്‍.ആര്‍.ആര്‍ എന്ന ചിത്രവും ഇന്ത്യയിലുടനീളം വമ്പന്‍ ഹിറ്റായി ജൈത്രയാത്ര തുടരുമ്പോഴാണ് തൊട്ടു പുറകെയെത്തിയ കെജിഎഫ് 2 വീണ്ടും മുംബൈയിലെ തീയേറ്ററുകള്‍ ഇളക്കി മറിച്ചത്. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍, മുംബൈയില്‍ മാത്രം വാരാന്ത്യത്തോടെ ചിത്രം 100 ??കോടി നേടിയേക്കും.

യഷ്, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ഠണ്ടന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് ‘കെജിഎഫ് 2’.
ചികിത്സയിലായിരുന്ന സഞ്ജു ബാബയുടെ വലിയ തിരിച്ചു വരവിനാണ് ചിത്രം നിമിത്തമായത്.

പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നതിന്റെ മറ്റൊരു ഉദാഹരമാണ് ‘കെജിഎഫ് 2’ ഹിന്ദിപതിപ്പിന്റെ വന്‍ വിജയം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നുണ്ടെന്ന് താരങ്ങള്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ‘ബാഹുബലി’, ‘പുഷ്പ’ ‘ആര്‍.ആര്‍.ആര്‍’ ‘ഭീംല നായക്’ തുടങ്ങിയ ചിത്രങ്ങളും ബോളിവുഡ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here