K Rajan : അർഹരായ മുഴുവൻ കുടുംബങ്ങളെയും ഭൂമിക്ക് ഉടമകളാക്കും: മന്ത്രി കെ രാജൻ

അർഹരായ മുഴുവൻ കുടുംബങ്ങളെയും ഭൂമിക്ക് ഉടമകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ ( K Rajan ) . മലപ്പുറത്തു ( Malappuram ) നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ജില്ലയില്‍ 835 പേര്‍ക്കുകൂടി പുതിയതായി പട്ടയങ്ങൾ വിതരണം ചെയ്തു.

‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായുള്ള ജില്ലതല  പട്ടയമേളയുടെ ഒന്നാം ഘട്ടത്തിനാണ്    തിരൂര്‍ റവന്യൂ ഡിവിഷനിൽ   തുടക്കമായത്.

ജില്ലയില്‍ 835 പേര്‍ കൂടി പുതുതായി ഭൂമിയുടെ അവകാശികളായി.തൃക്കാവ് മാസ്  ഓഡിറ്റോറിയത്തില്‍  നടന്ന ചടങ്ങിൽ   റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പട്ടയങ്ങൾ  വിതരണം ചെയ്തു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ അവസാനിക്കുമ്പോഴേക്ക് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

തിരൂര്‍ ആര്‍.ഡി.ഒക്ക് കീഴിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കിലെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ പട്ടയം കൈമാറിയത്.  മിച്ചഭൂമി പട്ടയം, കെഎസ്ടി പട്ടയം, ഭൂമി പട്ടയം, ലക്ഷംവീട് പട്ടയം എന്നീ വിഭാഗങ്ങളിലായാണ് 835 പട്ടയങ്ങള്‍ വിതരണം ചെയ്തത്.  ചടങ്ങിൽ ഡോ. കെ ടി ജലീൽ എം എൽ എ അധ്യക്ഷനായിരുന്നു.

എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികം നടക്കുന്ന മെയ് 20ന് ജില്ലയിൽ 10,000 പേരെക്കൂടി  മണ്ണിനുടമയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഒരുതുണ്ടു ഭൂമിപോലും കൈവശമില്ലാത്തവന് ഭൂമി നല്‍കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

അതോടൊപ്പം ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് പിടിച്ചെടുത്ത് മിച്ചഭൂമിയായി കണക്കാക്കി അർഹരുടെ കൈകളിലേക്കെത്തിക്കും. ഇതിനായി ഒരാൾക്ക് ഒറ്റതണ്ടപേർ  സംവിധാനം നടപ്പാക്കും. ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഡിജിറ്റൽ സർവേക്ക് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

സർക്കാർ ആഗ്രഹിക്കുന്നത് കേവലം കൈവശം ഇരിക്കുന്നവർക്ക് പട്ടയം കൊടുക്കുകയെന്നത് മാത്രമല്ല. സംസ്ഥാനത്ത് തണ്ടപ്പേരിനുപോലും അവകാശമില്ലാത്ത ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ ടവർ ടെൻഡർ നടപടികൾ പൂർത്തിയാക്കി കൃത്യതയോടെയുള്ള നിരീക്ഷണത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel