S Janaki : മലയാളികള്‍ക്ക് പാട്ടിന്‍റെ ഒരു വസന്ത കാലം തീര്‍ത്ത തെന്നിന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് പിറന്നാള്‍

തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകിക്ക് ഇന്ന് പിറന്നാള്‍. 1938 ഏപ്രില്‍ 23നാണ് ജാനകി ജനിച്ചത്. 1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.

പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.

1957 ഏപ്രില്‍ നാലിന് ടി ചലപതിറാവുവിന്റെ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തിനുവേണ്ടിയാണ് ജാനകിയുടെ ആദ്യ ഗാനം റെക്കോഡ് ചെയ്യപ്പട്ടത്. ഈ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതേ വര്‍ഷം തന്നെ ‘മഗ്ദലന മറിയം’ എന്ന തമിഴ് ചലച്ചിത്രത്തിലൂട ജാനകിയുടെ സ്വരം സിനിമാ ഡിസ്‌ക്കുകളിലും കൊട്ടകകളിലുമെത്തി.

ജാനകിയുടെ ശബ്ദ സൗന്ദര്യത്തിനുള്ള അംഗീകാരമെന്നോണം അതേ വര്‍ഷം തന്നെ മലയാളമടക്കം അഞ്ച് ഭാഷകളില്‍ പാടാന്‍ ജാനകിക്ക് അവസരം ലഭിച്ചിരുന്നു.

കേരള ആര്‍ട്‌സിന്റെ ബാനറില്‍ പുറത്തുവന്ന ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനുവേണ്ടി ‘ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍, കരള്‍ നീറുകയോ എന്‍ വാഴ്‌വില്‍’ എന്ന ഗാനമാണ് ജാനകിയുടെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ആദ്യ മലയാളഗാനം. പഴയ മദ്രാസിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്ങ്.

പിഎന്‍ ദേവിന്റെ വരികള്‍ക്ക് എസ്എന്‍ ചാമി ഈണം പകര്‍ന്നു. അരങ്ങേറ്റ വര്‍ഷം തന്നെ മലയാളത്തിനും തമിഴിനും പുറമെ കന്നഡ, തെലുങ്ക്, സിംഹള ഭാഷകളിലും പാടാന്‍ കഴിഞ്ഞത് ജാനകിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു.

തെലുങ്കില്‍ നിന്നെത്തി ആദ്യം തമിഴ് ഗാനമാലപിച്ച ജാനകിക്ക് തമിഴിനേക്കാള്‍ കഠിനമായിരുന്നു മലയാള ഉച്ചാരണം. പൂര്‍ണതയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് മലയാള പഠനത്തിന് ജാനകി തയ്യാറായി. ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും നേരില്‍ക്കണ്ട് ഉച്ചാരണം മനസിലാക്കിയെടുക്കുന്നന രീതിയാണ് ജാനകി അവലംബിച്ചത്.

വരികളോരോന്നും മാതൃഭാഷയായ തെലുങ്കില്‍ എഴുതിയെടുത്ത് മനഃപാഠമാക്കി ഓരോ പാട്ടും ജാനകി പാടി. ആ പാട്ടുകളിലൂടെ ആസ്വാദകരുടെ ഹൃദയത്തിലേക്കും ജാനകി കടന്നുകയറി. 14 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജാനകിയമ്മ മലയാളത്തിന്റെ ദത്തുപുത്രി തന്നെയാണ്.

1981ല്‍ ഓപ്പോളിലെ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്… എന്ന ഗാനത്തിലൂടെ ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളത്തിലെത്തിച്ചതും ജാനകിയമ്മ തന്നെയാണ്. മലയാളത്തില്‍ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പം ജാനകിയമ്മ പാടിയിട്ടുണ്ട്. വി.ദക്ഷിണാമൂര്‍ത്തി, എം.എസ്.ബാബുരാജ്, കെ.രാഘവന്‍, ബ്രദര്‍ ലക്ഷ്മണന്‍, ബി.എ.ചിദംബരനാഥ്, എം.ബി.ശ്രീനിവാസ്, ആര്‍.കെ.ശേഖര്‍, പുകഴേന്തി, ജി.ദേവരാജന്‍, എം .എസ്.വിശ്വനാഥന്‍, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാല്‍, പി.എസ്.ദിവാകര്‍, എല്‍.പി.ആര്‍ വര്‍മ, രംഗനാഥന്‍, ശങ്കര്‍ ഗണേഷ്, ജിതിന്‍ ശ്യാം, ശ്യാം, ഇളയരാജ, ജോണ്‍സണ്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ ചിലര്‍മാത്രം.

ആടിവാ കാറ്റേ, പാടിവാ കാറ്റേ ആയിരം പൂക്കള്‍ നുള്ളി നീ വാ; തുമ്പി വാ തുമ്പക്കുടത്തില്‍; നീലജലാശയത്തില്‍, മഞ്ഞണിക്കൊമ്പില്‍, മോഹം കൊണ്ടുഞാന്‍ ദൂരെയേതോ; തേനും വയമ്പും നാവില്‍ തൂകും; മലര്‍ക്കൊടി പോലെ; കിളിയേ കിളിയേ; വീണേ വീണേ; ആഴക്കടലിന്റെ തുടങ്ങിട ഗാനങ്ങള്‍ എന്നും എപ്പോഴും മലയാളിക്ക് ഹരമായി തുടരുന്ന ചില ഗാനങ്ങള്‍ മാത്രം.

ജാനകിയുടെ ശബ്ദത്തേക്കാൾ മധുരതരമായ സ്ത്രീ ശബ്ദം സംഗീതപ്രേമികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വൈവിധ്യമാർന്ന പിച്ചുകളിലും ഈണങ്ങളിലും താളങ്ങളിലും അനായാസം ഇഴുകിചേരുന്ന ശബ്ദമാണ് ജാനകിയുടേത്. മലയാളി അല്ലാതിരുന്നിട്ടും മലയാളികളെപ്പോലും വെല്ലുന്ന ഉച്ചാരണശുദ്ധിയോടെ ഒരു അന്യഭാഷാ ഗായകരും ഇന്നോളം മലയാളത്തിൽ പാടിയിട്ടില്ലെന്ന് തന്നെ പറയാം. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഗായികമാരിൽ ഒരാളാണ് ഇന്നും ജാനകിയമ്മ.

ആന്ധ്രയിൽ ജനിച്ച എസ്. ജാനകി മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എം.എസ്. ബാബുരാജ് എന്ന സംഗീതജ്ഞനാണ് ജാനകിയെ മലയാള സംഗീത ലോകത്തെത്തിച്ചത്. പിന്നീട് ലതാ മങ്കേഷ്കർ, മദൻ മോഹൻ കോമ്പിനേഷൻ പോലെ എം.എസ്. ബാബുരാജ് – എസ്. ജാനകി കൂട്ടുകെട്ട് സംഗീതപ്രേമികൾക്ക് മികച്ച ഗാനങ്ങളുടെ ഒരു വസന്തകാലം തന്നെ തീർത്തു. മലയാളികള്‍ക്ക് പാട്ടിന്‍റെ ഒരു വസന്ത കാലം സൃഷ്ടിച്ച ജാനകിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News