Supreme Court : ഹലാൽ ഭക്ഷണം നിരോധിക്കണം; സുപ്രീംകോടതിയിൽ ഹർജി

ഹലാൽ ( Halal ) ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ( Supreme Court )ഹർജി. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യം.

അഭിഭാഷകനായ വിഭോർ ആനന്ദിൻ്റെതാണ് ഹർജി. ഹർജി ഹലാലിനെതിരെ സംഘപരിവാർ പ്രചരണം നിലനിൽക്കുന്ന ഘട്ടത്തിലാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ 85 ശതമാനം ആളുകൾക്ക് വേണ്ടിയാണ് ഹർജിയെന്നും പരാമർശം.

ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ വിഭോര്‍ ആനന്ദ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.

ഹലാല്‍ ഭക്ഷണം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന മുസ്‌ലിങ്ങളാണെന്നും 85 ശതമാനം പേരിലും അത് അടിച്ചേല്‍പ്പിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ വാദം.

ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. 1974 ന് മുമ്പ് ഹലാൽ സർട്ടിഫിക്കെട്ടിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതൽ 1993 വരെ മാംസ ഉത്പന്നങ്ങൾക്ക് മാത്രമായിരുന്നു ഹലാൽ സർട്ടിഫിക്കറ്റ്. എന്നാൽ ഇന്ന് ടൂറിസം, മെഡിക്കൽ ടൂറിസം, മാധ്യമങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാൽ സർട്ടിഫിക്കറ്റ് വ്യാപിക്കുകയാണ്- ഹർജിയിൽ പറയുന്നു.

ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്സി, ബ്രിട്ടാനിയ എന്നിവയോട് ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലിമേതര വിഭാഗങ്ങൾ ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ ഗൂഢാലോചന ആരോപിച്ചതിന്റെ പേരിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്തയാളാണ് വിഭോർ ആനന്ദ്. ചാനൽ സ്വാധീനം മൂലമാണ് ആരോപണം ഉന്നയിച്ചത് എന്നാണ് പിന്നീട് നടത്തിയ ഖേദപ്രകടനത്തിൽ ഇദ്ദേഹം പറഞ്ഞിരുന്നത്. ക്ഷമാപണം നടത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here