K Surendran : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കുറ്റപത്രം തയ്യാറായി

മഞ്ചേശ്വരം ( Manjeshwar ) തെരഞ്ഞെടുപ്പ് ( Election ) കോഴ കേസിൽ കുറ്റപത്രം തയ്യാറായി. ബി എസ് പി (BSP ) സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക കോഴ നൽകി പിൻവലിച്ച കേസിൽ ബി ജെ പി (BJP ) സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെടെ ആറ് പേരാണ് പ്രതികൾ. പ്രത്യേക അന്വേഷ സംഘം കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി എസ് പി സ്ഥാനാർത്ഥി സുന്ദരയുടെ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക കോഴ നൽകി പിൻവലിച്ച കേസിലാണ് ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കിയത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ പ്രതികൾ. തെളിവ്‌ ശേഖരണത്തിനായി നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സുരേന്ദ്രൻ ഉപയോഗിച്ച മൊബൈൽ ഫോൺ നൽകാൻ പലതവണ നോട്ടീസ്‌ നൽകിയിട്ടും ഹാജരാക്കിയില്ല.

പൊലീസ് സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഫോൺ ഉപയോഗിക്കുന്നുവെന്ന്‌ കണ്ടത്തിയിട്ടുണ്ട്‌. സംസ്ഥാന ക്രൈംബ്രാഞ്ച്‌ മേധാവിയിൽ നിന്ന്‌ അനുമതി ലഭിച്ചാലുടൻ കാസർകോട്‌ സിജെഎം കോടതിയിൽ കുറ്റപ്പത്രം നൽകും. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചതിന്‌ പുറമേ ഭീഷണിപ്പെടുത്തൽ, തടങ്കലിൽ വെക്കൽ എന്നീ വകുപ്പുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.

പട്ടികജാതി- പട്ടികവർഗ പീഡന വകുപ്പുപ്രകാരം കേസെടുക്കണമെന്ന ഹർജി കോടതിയുടെ പരിഗണനയിലാണ്. സാക്ഷിമൊഴികൾക്കു പുറമെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടി ദൃശ്യങ്ങളുമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം ജൂൺ അഞ്ചിനാണ് കെ.സുന്ദര കോഴയുടെ വിവരം വെളിപ്പെടുത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ മൽസരിച്ച മഞ്ചേശ്വരത്ത് ആ പേരിനോട് സാമ്യമുള്ള താൻ മൽസരിച്ചാൽ വോട്ട് കുറയുമെന്ന് ബിജെപി ഭയപ്പെട്ടിരുന്നതായി സുന്ദര നേരത്തെ പറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ നൽകിയ ഹർജിയിൽ കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പ് ചുമത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പ്രതിചേർത്തായിരുന്നു അന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News